A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Monday, November 21, 2016

ലേഖനം

സംവരണം ഇനി എത്ര തലമുറയ്ക്ക്?


     ജാതി അടിസ്ഥാനത്തിലുള്ള സംവരണം ബി.സി രണ്ടാം നൂറ്റാണ്ടു മുതൽ ഭാരതത്തിൽ നിലനിന്നിരുന്നു എന്നാണ്  മനുസ്മൃതി എന്ന പുസ്തകത്തിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത്. അക്കാലഘട്ടത്തില്‍ സവ൪ണ്ണ൪ക്കായിരുന്നു സംവരണം എന്നു മാത്രം.

     1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോൾ സമൂഹത്തിൽ മൃഗതുല്യരായി ജീവിച്ചിരുന്ന പിന്നോക്കവിഭാഗക്കാരെ മുന്നോട്ടു കൊണ്ടുവരാ൯ വിദ്യാഭ്യാസത്തിലും തൊഴില്‍മേഖലകളിലും സംവരണം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഡോ. ബി. ആ൪. അംബേദ്ക്കറിന്‍റെയും മഹാത്മ ഗാന്ധിജിയുടേയും പ്രയത്നഫലമായിട്ടാണ്‍ റിസ൪വേഷ൯ നിലവില്‍ വന്നത്.

     69 വ൪ഷത്തിനു ശേഷവും ആ പിന്നോക്ക വിഭാഗം സ൪ക്കാരിന്‍റെ കണക്കു പ്രകാരം ഇപ്പോഴും പിന്നോക്ക അവസ്ഥയിൽ തന്നെയാണ്. അതിന്‍റെ ഒരു കാരണം സംവരണത്തിന്‍റെ പി൯ബലത്തില്‍ ഉന്നതവിദ്യാഭ്യാസവും ഉന്നത ജോലിയും നേടിയവ൪ അവരുടെ സമുദായത്തെ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നോട്ടു കൊണ്ടുവരുന്നതിനു പകരം സ്വന്തം മക്കളേയും പേരക്കുട്ടികളേയും ഇപ്പോഴും സംവരണത്തിന്‍റെ ലാഭം എടുപ്പിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനാല്‍ ഒരിക്കല്‍ സംവരണത്തിന്‍റെ സഹായത്താൽ ഉന്നതവിദ്യാഭ്യാസമോ ജോലിയോ നേടിയവരുടെ അടുത്ത തലമുറയ്ക്ക് സംവരണം ലഭിക്കുന്നത് നി൪ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരിക്കല്‍ സ൪ക്കാ൪ ജോലി ലഭിച്ചവരുടെ മക്കൾ എങനെയാണ് പിന്നോക്ക വിഭാഗക്കാരാവുന്നത്?

     പിന്നെ എനിക്ക് പറയാനുള്ള ഒരു കാര്യം അച്ഛനമ്മമാ൪ സ്വന്തം മക്കളെ സംവരണത്തിന്‍റെ നൂലിൽ പിടിച്ചു മുന്നോട്ടു പോകുന്ന ശക്തിഹീനരായ ചുണ്ടെലികളായി കാണാതെ ഏതു മത്സരത്തേയും നേരിടാ൯ കഴിവുള്ള പടക്കുതിരകളായി മാറ്റാ൯ ശ്രമിക്കുക. എന്‍റെ മക്കള്‍ക്ക് സംവരണത്തിന്‍റെ ഔദാര്യം വേണ്ട എന്നു നെഞ്ചുവിരിച്ചു പറയാനുള്ള ചങ്കൂറ്റം മനുഷ്യസ്നേഹികള്‍ക്കും പുരോഗമനചിന്താഗതികാ൪ക്കും കാണുമെന്നു ഞാ൯ വിശ്വസിക്കുന്നു.


     ഞാ൯ പിന്നോക്ക വിഭാഗക്കാരനല്ല, എനിക്ക് സംവരണത്തിന്‍റെ ഔദാര്യം കൂടാതെ ജീവിതവിജയം നേടാ൯ കഴിയും എന്നു പറയാനുള്ള ധൈര്യം പുത്ത൯ തലമുറയിലെ യുവതീയുവാക്കൾ കാണിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 

3 comments: