A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Wednesday, December 7, 2016

ലേഖനം

കണ്ണന്നൂരും മഹര്‍ഷി കണ്വനും

മഹാകവി കാളിദാസന്‍റെ വിശ്വപ്രസിദ്ധ മഹാകാവ്യമായ ശാകുന്തളത്തെക്കുറിച്ച് കേള്‍ക്കാത്ത ഭാരതീയരുണ്ടാകുമെന്ന് തോന്നുന്നില്ല. വിശ്വാമിത്ര മഹര്‍ഷിയുടെ തപസുമുടക്കാന്‍ ഇന്ദ്രനാല്‍ അയക്കപ്പെട്ട സ്വർഗ്ഗലോകസുന്ദരി മേനകയില്‍ ഉണ്ടായ പുത്രിയാണ് ശകുന്തള. മേനകയുടെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചുപോകേണ്ടി വന്നപ്പോള്‍ ശകുന്തളയുടെ പരിപാലനം കണ്വമഹര്‍ഷി ഏറ്റെടുക്കുകയാണുണ്ടായത്.

പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തില്‍ (തൃത്താല-പട്ടാമ്പി കടവുറോഡില്‍) സ്ഥിതിചെയ്യുന്ന ആധുനിക വികസനത്തിന്‍റെ ക്ഷതങ്ങളൊന്നും അധികമേല്‍ക്കാത്ത, നിളയുടെ പാര്‍ശ്വങ്ങളോട് ചേര്‍ന്ന് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമസുന്ദരിയാണ് കണ്ണന്നൂര്‍. മേഴത്തൂര്‍, അഗ്‌നിഹോത്രി നടത്തിയ 108 യാഗങ്ങളും ഈ പരിസരത്തിലാണ് എന്ന് പറയപ്പെടുന്നു.

കണ്ണന്നൂരില്‍ നിളയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രത്തിന്‍റെ പ്രാധാന്യം എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത് ഋഷികേശില്‍ വച്ചാണ്. 1991 മുതല്‍ മൂന്നര വര്‍ഷത്തോളം ഞാന്‍ സത്യത്തെ അന്വേഷിച്ച് ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിക്കുകയുണ്ടായി. ഋഷികേശിലെ ശാന്തികുഞ്ചാശ്രമത്തില്‍ വച്ച് പരിചയപ്പെടാനിടയായ ഒരു ഉത്തരേന്ത്യന്‍ സന്യാസി എന്‍റെ ഊരും പേരും ചേദിച്ചപ്പോള്‍ കേരളത്തില്‍ പട്ടാമ്പിക്കാരനായണെന്നും പറഞ്ഞു. കണ്ണന്നൂരറിയുമോ എന്ന് ചേദിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. കണ്വമുനിയും കണ്ണന്നൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹമാണ് എനിക്ക് പറഞ്ഞു തന്നത്.
   

പാണ്ഡവരുടെ പിന്‍ഗാമിയായ ദുഷ്യന്തനുമായുള്ള ഗാന്ധര്‍വ്വ വിവാഹത്തില്‍ ശകുന്തളക്കുണ്ടായ പുത്രനാണ് ചക്രവര്‍ത്തി ഭരതന്‍. അദ്ദേഹത്തിന്‍റെ പേരുകൊണ്ടാണ് നമ്മുടെ നാട് ഭാരതം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ദുഷ്യന്തനുമായുള്ള ശകുന്തളയുടെ പുനര്‍ സമാഗത്തിനുശേഷം കണ്വമഹര്‍ഷി ദക്ഷിണേന്ത്യയിലേക്ക് പ്രയാണ് ആരംഭിച്ചു. നര്‍മ്മദാ നദിക്കരയില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ വംശജരായ കുറിച്ച് യാദവയുവാക്കള്‍ കണ്വമഹര്‍ഷിയെ പരീക്ഷിക്കാന്‍ ശ്രമിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍റെ പുത്രരിലൊരാളായ സാമ്പ സ്ത്രീരുപം ധരിച്ച് തുണികള്‍ക്കിടയില്‍ ഒരു ഇരുമ്പുലക്ക വച്ച് കണ്വമഹര്‍ഷിയെ കളിയാക്കുന്നതിനുവേണ്ടി ഈ സ്ത്രീ എന്തുകുട്ടിയെ പ്രസവിക്കുമെന്ന് ചേദിച്ചു. ക്ഷുഭിതനായ കണ്വമഹര്‍ഷി ഈ സ്ത്രീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഉലക്കയാല്‍ യാദവവംശം നശിക്കുമെന്നും ശപിക്കുകയുണ്ടായി. അങ്ങനെതന്നെ സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇരുമ്പുലക്കയെ പൊടിച്ചു കടലിലെറിഞ്ഞെങ്കിലും ഒരു മീന്‍ അതിന്‍റെ അംശം ഭക്ഷിക്കുകയും അത് ക്രമേണ ഒരു ഇരുമ്പുകഷ്ണമായി മാറുകയും ചെയ്തു. മീനിനെ പിടിച്ച മുക്കുവന്‍ ഒരു ആയുധ നിര്‍മാതാവിന് അത് വില്‍ക്കുകയും അതുകൊണ്ട് നിര്‍മിക്കപ്പെട്ട അമ്പിനാല്‍ ശ്രീകൃഷ്ണന്‍ വധിക്കപ്പെട്ടുവെന്നുമാണ് ഐതീഹ്യം പറയുന്നത്.

ദക്ഷിണേന്ത്യയിലേക്കുള്ള യാത്രക്കിടയില്‍ മഹാരാഷ്ട്രയില്‍ ഒരു ചതുര്‍മാസക്കാലം താമസിക്കുകയുണ്ടായി. ആ സ്ഥലത്ത് അന്ന് ചെയ്ത പ്രതിഷ്ഠയാണ് ഇന്ന് ഇന്ത്യയിലെ പ്രസിദ്ധമായ ടിടലവാലാ മഹാഗണപതി ക്ഷേത്രം. അവിടെ നിന്നും കര്‍ണാടകയില്‍ വന്ന് ബാംഗ്ലൂരില്‍ നിന്ന് 40 കിലോമീറ്റര്‍ മാറി കൃഷ്ണപുരിയില്‍ താമസിക്കുകയുണ്ടായി. അവിടെ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് മെത്രോ സ്വാമി ക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്നത്. അവിടെ നിന്ന് ചെന്നൈക്കടുത്ത് ചെങ്കല്‍ പേട്ടയില്‍ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തിരുപേരൂര്‍ മുരുകന്‍ ക്ഷേത്രം. പിന്നീട് കേരളത്തിലേക്ക് പ്രവേശിച്ച കണ്വമഹര്‍ഷി കേരളം കടുത്ത വരള്‍ച്ച മൂലം കഷ്ടപ്പെടുന്ന സമയത്തുമായിരുന്നു അത്, തന്‍റെ ജ്ഞാനദൃഷ്ടി കൊണ്ട് ഭാരതപ്പുഴയിലെ ഒരിക്കലും വറ്റാത്ത കയമായ കണ്ണന്നൂര്‍ കയത്തിനടുത്തെത്തി ആശ്രമം ഉണ്ടാക്കി ദീര്‍ഘകാലം തപസു ചെയ്യുകയുണ്ടായിയ്. അന്ന് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ കണ്ണന്നൂര്‍ ക്ഷേത്രം. ഭാരതത്തില്‍ സനാതന രീതി പ്രകാരം ആരു സന്യസിച്ചാലും ഇവിടെ വന്ന് ദര്‍ശനം നടത്തിയാലെ സന്യാസം പൂര്‍ത്തിയാകു എന്ന് വിശ്വസിക്കപ്പെടുന്നു. കണ്വമഹര്‍ഷിയുടെ അന്ത്യസമാധി ഇവിടെ വച്ചാണ് നടന്നത് എന്ന് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ ഗ്രാമം കണ്ണന്നൂര്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

Friday, November 25, 2016

ചെറുകഥ

ഒരു മലയാളിയുടെ ആത്മകഥ
 
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എത്തി എന്നറിഞ്ഞപ്പോള്‍ എന്‍റെ മാതാപിതാക്കള്‍ക്കുണ്ടായ ആഹ്‌ളാദത്തിനതിരില്ലായിരുന്നു. അച്ഛന്‍ ലീവെടുത്ത് അമ്മയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലെത്തി. ആദ്യത്തെ ഗര്‍ഭധാരണമായതിനാല്‍ കുറെയേറ ടെസ്റ്റുകള്‍ ചെയ്യണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ടെസ്റ്റുകളും ഡോക്ടറുടെ ഫീസും എല്ലാം ചേര്‍ന്ന് അച്ഛന്‍റെ മാസവരുമാനത്തിന്‍റെ പകുതിയിലേറെ ആശുപത്രിയില്‍ അടച്ചപ്പോള്‍, എന്‍റെ പേരിലുളള ആദ്യത്തെ ടാക്‌സ് സര്‍ക്കാരില്‍ അടയ്ക്കുകയായിരുന്നു. അതിനുപുറമെ ഹോസ്പിറ്റല്‍ നടത്തിപ്പുകാരന്‍റെ കളളപ്പണഫണ്ടിലേക്ക് എന്‍റെ വകയായുളള ആദ്യത്തെ സംഭാവനയുമായിരുന്നു അത്. ഞാന്‍ ജനിച്ച് നാലാഴ്ച കഴിഞ്ഞപ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റിനു വേണ്ടി അച്ഛന്‍ ലീവെടുത്ത് രണ്ടുപ്രാവശ്യം സര്‍ക്കാര്‍ ഓഫീസില്‍ പോയിയെങ്കിലും കാര്യം നടന്നില്ല. പിന്നെ, ഓഫീസിലെ തന്നെ ഒരു പ്യൂണ്‍ പറഞ്ഞു കൊടുത്ത വഴിയിലൂടെ നീങ്ങി ബന്ധപെട്ട ഉദ്യോഗസ്ഥനെ കൈമടക്കിയപ്പോള്‍ 5 മിനിറ്റിനുള്ളില്‍ തന്നെ ജനന സര്‍ട്ടിഫിക്കറ്റ് കൈയിലെത്തി.

ന്‍റെ പേരിലുളള ആദ്യത്തെ കൈക്കൂലി ആയിരുന്നു അത്. ശുദ്ധമായ കായപ്പൊടിയും റാഗിയും വീട്ടില്‍ തന്നെ തയ്യാറാക്കാമായിരുന്നെങ്കിലും സിനിമാതാരങ്ങളും ക്രിക്കറ്റ് കളിക്കാരും ടിവിയിലൂടെ പറഞ്ഞുതരുന്ന ബേബിഫുഡുകള്‍ എന്‍റെ കുഞ്ഞു വായയ്ക്കുള്ളില്‍ എത്തിയപ്പോഴും, നല്ല അമൃത തുല്ല്യമായ വെളിച്ചെണ്ണ വീട്ടിലുണ്ടായിട്ടും ബഹുരാഷ്ട്ര കമ്പനികള്‍ ലിക്വിഡ്പാരഫൈന്‍ എന്ന പെട്രോളിയം രാസവസ്തുവിനാല്‍ നിര്‍മ്മിക്കപ്പെട്ട ബേബി ഓയിലുകള്‍ എന്നെ മസാജ് ചെയ്യാനെത്തിയപ്പോഴും സര്‍ക്കാരിന്

     നികുതിയും കള്ളപണക്കാര്‍ക്ക് കളളപണവും എന്‍റെ പേരില്‍ അച്ഛന്‍ അറിഞ്ഞോ അറിയാതെയോ നല്‍കുകയായിരുന്നു. എനിക്ക് രണ്ട് വയസ്സായപ്പോള്‍ വീടിന്‍റെ പരിസരത്തുളള ഒരു നഴ്‌സറി സ്‌കൂളില്‍ ഡൊണേഷന്‍ എന്ന പേരില്‍ കൈപറ്റുന്ന കളളപണത്തിന്‍റെ ബലത്തിലാണെങ്കിലും അഡ്മിഷന്‍ ശരിയായപ്പോള്‍ എന്‍റെ മാതാപിതാക്കള്‍ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്‌കൂള്‍ അഡ്മിഷനുളള സമയമായപ്പോള്‍ പരിസരത്തുളള ഏറ്റവും നല്ല സ്വകാര്യ സ്‌കൂള്‍ തന്നെയായിരുന്നു അച്ഛന്‍റെ ലക്ഷ്യം. സ്‌കൂളില്‍ ഡൊണേഷന്‍ മാത്രം പര്യാപ്തമായിരുന്നില്ല. ഭരണകക്ഷിയുടെ ഒരു രാഷ്ട്രീയ നേതാവിന്‍റെ റെക്കമെന്റെഷന്‍ ആവശ്യമായിരുന്നു. ഇതെല്ലാം എങ്ങിനെയൊക്കെയോ അച്ഛന്‍ ഒപ്പിച്ചെടുത്തപ്പോള്‍ മകന്‍റെ ഭാവി സുരക്ഷിതമായി എന്ന ഒരു ഭാവമായിരുന്നു അച്ഛന്. എന്നാല്‍ വര്‍ഷങ്ങള്‍ക്കപ്പുറം കോളേജ് അഡ്മിഷന്‍ സമയം വന്നപ്പോള്‍ ഈ ഫോര്‍മാലിറ്റികളെല്ലാം പതിന്മടങ്ങായി ആവര്‍ത്തിക്കേണ്ടി വന്നു.

അതിനുപുറമെ, ജാതി സര്‍ട്ടിഫിക്കറ്റിനും വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റുമായി നല്‍കപ്പെട്ട കൈമടക്കുകളും……

ഞാനൊരു ടൂവീലറില്‍ കോളേജില്‍ പോകണമെന്ന് എന്നേക്കാള്‍ ആഗ്രഹം എന്‍റെ അമ്മയ്ക്കായിരുന്നു. കൈക്കൂലി നല്‍കാതെ ലൈസന്‍സ് എടുക്കാനുളള എന്‍റെ ശ്രമം പലവട്ടം പരാജയപ്പെട്ടപ്പോള്‍ ഏജന്റിനെ തന്നെ ശരണം പ്രാപിക്കേണ്ടി വന്നു. എന്‍റെ പതിനെട്ടു വയസ്സിനുള്ളില്‍, എനിക്കു വേണ്ടി എണ്ണിയാല്‍ ഒടുങ്ങാത്തത്ര നികുതികളും അച്ഛന്‍ സര്‍ക്കാരിനു വേണ്ടി കൊടുത്തിരിക്കുമെന്ന് വിശ്വസിക്കുന്നു. പഠനം കഴിഞ്ഞതോടെ ഭാഗ്യവശാല്‍ ക്യാമ്പസ് സെലക്ഷനിലൂടെ ഒരു ചെറിയ ജോലി തരപ്പെട്ടു. പക്ഷേ, അതിനുളള വരുമാനം കൊണ്ട് അച്ഛനെ കാര്യമായൊന്നും സഹായിക്കാന്‍ കഴിയാതിരുന്ന സമയത്താണ് സഹോദരിയുടെ വിവാഹം തീരുമാനമാകുന്നത്. തെറ്റില്ലാത്ത ബന്ധം, സ്ത്രീധനം ചോദിക്കുന്ന ഏര്‍പ്പാട് കേരളത്തിലില്ലെങ്കിലും നാട്ടുനടപ്പിനനുസരിച്ച് സ്വര്‍ണ്ണം കൊടുത്തല്ലേപറ്റൂ.

അച്ഛന്‍ പിശുക്കിപിടിച്ച് KSFCയില്‍ കുറി വിളിച്ചു. പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് കിട്ടാവുന്ന അത്രയും കടം എടുത്തു. ചില ബന്ധുക്കളും സുഹൃത്തുക്കളും പലിശയില്ലാതെ ചെറിയ തുകകള്‍ കടം തന്നു. അമ്മയുടെ കുറച്ച് ആഭരണങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം നുള്ളിപെറുക്കി ഏറ്റവും കൂടുതല്‍ പരസ്യം നല്‍കുന്ന ഒരു സ്വര്‍ണ്ണകടയിലെത്തിചേര്‍ന്നു. പണിക്കൂലിയുടെ പേരിലും തേയ്മാനത്തിന്‍റെ പേരിലും ഇവര്‍ പാവങ്ങളില്‍ നിന്നും ഈടാക്കുന്ന തുക ന്യായമായിരുന്നുവെങ്കില്‍ ഇത്രയും ചിലവ് കൂടിയ പരസ്യങ്ങളും സപ്ത നക്ഷത്ര നിലവാരമുളള ഇന്റീരിയര്‍ ഡെക്കറേഷനും ഇവര്‍ക്കു ചെയ്യുവാന്‍ കഴിയുമായിരുന്നില്ല.

അതെനിക്ക് നല്ലപോലെ അറിയുമായിരുന്നു. പക്ഷേ പ്രതികരിക്കാനായില്ല. കല്ല്യാണവും തിരക്കുമെല്ലാം കഴിഞ്ഞപ്പോഴും അമ്മയുടെ ഒരു ചെറിയ ആവശ്യം പല മാസങ്ങളായി പൂര്‍ത്തീകരിക്കാതെ കിടക്കുകയായിരുന്നു.

വീട്ടിലെ ഫ്രിഡ്ജ് പ്രവര്‍ത്തനരഹിതമായിട്ട് നാളേറെയായി. പതിനഞ്ചു വര്‍ഷമായുളള കെല്‍വിനേറ്ററിന്‍റെ ഫ്രിഡ്ജാണ്, ശരിക്കു തണുക്കുന്നുമില്ല വൈദ്യുതി ചിലവും ഭയങ്കരം.
ഞാനൊരു ഗൃഹോപകരണ വിക്രേതാവിനെ സമീപിച്ചു. അദ്ദേഹം ഒരു ലോണ്‍ ശരിയാക്കി തന്നു. അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുവാനായി ഒരു ഞായറാഴ്ച ഫ്രിഡ്ജുമായി ഞാന്‍ വീട്ടിലെത്തി. വണ്ടി നിന്നില്ല, അതിനു മുമ്പേ ചുമട്ടു തൊഴിലാളി യൂണിയനുകാര്‍ അവിടെ എത്തി ചേര്‍ന്നു. ഫ്രിഡ്ജ് വണ്ടിയില്‍ നിന്നും താഴെ ഇറക്കുന്നതിന് രണ്ടായിരം രൂപ ആവശ്യപ്പെട്ടു. എന്‍റെ രക്തം വല്ലാതെ തിളച്ചുപോയി. ‘ഇരുപതിനായിരത്തിന്‍റെ ഫ്രിഡ്ജ് വണ്ടിയില്‍ നിന്നു താഴെ ഇറക്കുവാന്‍ രണ്ടായിരം രൂപയോ?

അച്ഛന്‍ എന്നോട് ആംഗ്യം കാണിച്ചു. അച്ഛന്‍റെ ആംഗ്യത്തിന് നിഘണ്ടുവില്‍ ഒതുങ്ങി നിര്‍ത്താന്‍ കഴിയാത്തത്ര അര്‍ത്ഥങ്ങളുണ്ടായിരുന്നുവെന്ന് എനിക്ക് വ്യക്തമായി. അല്‍പം ദൂരത്തേയ്ക്ക് അവരെ വിളിച്ചു കൊണ്ടു പോയി അപേക്ഷിക്കുകയോ മനസിലാക്കികൊടുക്കുകയോ ചെയ്തു.

പത്തു മിനിറ്റിനു ശേഷം അച്ഛന്‍ വിജയഭാവത്തില്‍ തിരിച്ചു വന്നു. സർക്കാരിന്റെ കണക്കുപ്രകാരം ദരിദ്ര രേഖക്ക് താഴെയുള്ള  ആ ചുമട്ടു തൊഴിലാളികൾ വായിൽ സിഗരറ്റും കത്തിച്ചു വച്ച് മോട്ടോർ സൈക്കിളിൽ ആയിരം രൂപയും കൊണ്ട് അവർ യാത്രയായപ്പോൾ ഞാനും അച്ഛനും കൂടി ഫ്രിഡ്ജ് വണ്ടിയില്‍ നിന്ന് താഴെ ഇറക്കുകയായിരുന്നു.

സമയം അങ്ങിനെ കടന്നു പോയി. ഒരു ദിവസം അച്ഛനൊപ്പമിരുന്ന് അത്താഴം കഴിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു, ഇനി റിട്ടയര്‍മെന്റിന് മൂന്നു മാസമേ ബാക്കിയുളളൂ. അച്ഛന്‍റെ വാക്കുകള്‍ എന്നെ വല്ലാതെ ഞെട്ടിച്ചു. പെങ്ങളുടെ കല്യാണത്തിനായ് എടുത്ത ലോണിന്റേയും വര്‍ഷങ്ങള്‍ക്കു മുന്നേ വീടുണ്ടാക്കാനായെടുത്ത ലോണിന്റെയും കുടിശ്ശികകള്‍ തീര്‍ത്തപ്പോള്‍ കാര്യമായൊന്നും കൈയില്‍ കിട്ടിയില്ല. കല്ല്യാണത്തിന് കടം തന്നവരെ തിരിച്ചു സഹായിക്കാന്‍ കഷ്ടിച്ചേ തികഞ്ഞതുളളൂ. ഞാന്‍ പലവട്ടം എന്നോട് ചോദിച്ചു, വരുമാനത്തിന്‍റെ ശരാശരി 60 ശതമാനം നികുതിയായ് നല്‍കുന്ന ഒരു സാധാരണക്കാരന്‍റെ കുട്ടികള്‍ക്ക് ഗുണനിലവാരമുളള വിദ്യഭ്യാസം ലഭിക്കുക എന്നത് ജന്മാവകാശമല്ലേ.., ചികിത്സാ സഹായം ലഭിക്കാതെ നരകിക്കുന്നവര്‍ക്കും മരിക്കുന്നവര്‍ക്കും മേലെ സര്‍ക്കാരിനു ഒരു ചുമതലയുമില്ലേ.., അധ്വാനശേഷി നഷ്ടപെട്ടവര്‍ക്ക് ജീവിത മാര്‍ഗ്ഗം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ കടമയല്ലേ..,

സാമൂഹിക സാമ്പത്തിക ദുര്‍വ്യവസ്ഥകളാല്‍ രക്തം ഊറ്റികുടിക്കപ്പെട്ട അച്ഛന്റെ ശരീരത്തിനു രോഗഗൃസ്തമാകുവാന്‍ ഏറെ സമയമെടുത്തില്ല. അങ്ങനെ ഒരു സന്ധ്യയില്‍ എന്‍റെ പ്രിയപ്പെട്ട അച്ഛന്‍റെ ആത്മാവ് നികുതിഭാരവും കൈക്കൂലിയും കളളപണവുമില്ലാത്ത ഏതോ ലോകത്തിലേയ്ക്ക് പറന്നുപോയി. അച്ഛന്‍റെ മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സര്‍ക്കാര്‍ ഓഫീസില്‍ പോയപ്പോള്‍ അച്ഛന്‍റെ പേരിലുള്ള അവസാന കൈക്കൂലിയും സര്‍ക്കാരിനുള്ള അവസാന നികുതിയും ഞാന്‍ കൊടക്കുകയായിരുന്നു.

Monday, November 21, 2016

ലേഖനം

സംവരണം ഇനി എത്ര തലമുറയ്ക്ക്?


     ജാതി അടിസ്ഥാനത്തിലുള്ള സംവരണം ബി.സി രണ്ടാം നൂറ്റാണ്ടു മുതൽ ഭാരതത്തിൽ നിലനിന്നിരുന്നു എന്നാണ്  മനുസ്മൃതി എന്ന പുസ്തകത്തിൽ ഉല്ലേഖനം ചെയ്തിരിക്കുന്നത്. അക്കാലഘട്ടത്തില്‍ സവ൪ണ്ണ൪ക്കായിരുന്നു സംവരണം എന്നു മാത്രം.

     1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോൾ സമൂഹത്തിൽ മൃഗതുല്യരായി ജീവിച്ചിരുന്ന പിന്നോക്കവിഭാഗക്കാരെ മുന്നോട്ടു കൊണ്ടുവരാ൯ വിദ്യാഭ്യാസത്തിലും തൊഴില്‍മേഖലകളിലും സംവരണം കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഡോ. ബി. ആ൪. അംബേദ്ക്കറിന്‍റെയും മഹാത്മ ഗാന്ധിജിയുടേയും പ്രയത്നഫലമായിട്ടാണ്‍ റിസ൪വേഷ൯ നിലവില്‍ വന്നത്.

     69 വ൪ഷത്തിനു ശേഷവും ആ പിന്നോക്ക വിഭാഗം സ൪ക്കാരിന്‍റെ കണക്കു പ്രകാരം ഇപ്പോഴും പിന്നോക്ക അവസ്ഥയിൽ തന്നെയാണ്. അതിന്‍റെ ഒരു കാരണം സംവരണത്തിന്‍റെ പി൯ബലത്തില്‍ ഉന്നതവിദ്യാഭ്യാസവും ഉന്നത ജോലിയും നേടിയവ൪ അവരുടെ സമുദായത്തെ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നോട്ടു കൊണ്ടുവരുന്നതിനു പകരം സ്വന്തം മക്കളേയും പേരക്കുട്ടികളേയും ഇപ്പോഴും സംവരണത്തിന്‍റെ ലാഭം എടുപ്പിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനാല്‍ ഒരിക്കല്‍ സംവരണത്തിന്‍റെ സഹായത്താൽ ഉന്നതവിദ്യാഭ്യാസമോ ജോലിയോ നേടിയവരുടെ അടുത്ത തലമുറയ്ക്ക് സംവരണം ലഭിക്കുന്നത് നി൪ത്തലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരിക്കല്‍ സ൪ക്കാ൪ ജോലി ലഭിച്ചവരുടെ മക്കൾ എങനെയാണ് പിന്നോക്ക വിഭാഗക്കാരാവുന്നത്?

     പിന്നെ എനിക്ക് പറയാനുള്ള ഒരു കാര്യം അച്ഛനമ്മമാ൪ സ്വന്തം മക്കളെ സംവരണത്തിന്‍റെ നൂലിൽ പിടിച്ചു മുന്നോട്ടു പോകുന്ന ശക്തിഹീനരായ ചുണ്ടെലികളായി കാണാതെ ഏതു മത്സരത്തേയും നേരിടാ൯ കഴിവുള്ള പടക്കുതിരകളായി മാറ്റാ൯ ശ്രമിക്കുക. എന്‍റെ മക്കള്‍ക്ക് സംവരണത്തിന്‍റെ ഔദാര്യം വേണ്ട എന്നു നെഞ്ചുവിരിച്ചു പറയാനുള്ള ചങ്കൂറ്റം മനുഷ്യസ്നേഹികള്‍ക്കും പുരോഗമനചിന്താഗതികാ൪ക്കും കാണുമെന്നു ഞാ൯ വിശ്വസിക്കുന്നു.


     ഞാ൯ പിന്നോക്ക വിഭാഗക്കാരനല്ല, എനിക്ക് സംവരണത്തിന്‍റെ ഔദാര്യം കൂടാതെ ജീവിതവിജയം നേടാ൯ കഴിയും എന്നു പറയാനുള്ള ധൈര്യം പുത്ത൯ തലമുറയിലെ യുവതീയുവാക്കൾ കാണിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 

Saturday, November 19, 2016

കത്ത്

പ്രധാന മന്ത്രിക്കൊരു തുറന്ന കത്ത്


     ഞാൻ സ്വയം തൊഴിൽ കണ്ടെത്തിയ ഒരു മലയാളിയാണ്. 47 തൊഴിലാളികളെയും ഏതാനും  ഓട്ടോമാറ്റിക് മെഷിനറികളും വെച്ച് ഒരു ചെറിയ വ്യവസായ സ്ഥാപനം തമിഴ്‌നാട്ടിൽ നടത്തികൊണ്ടുപോവുകയാണ്. താങ്കളുടെ Make India പ്രോഗ്രാം എനിക്കേറെ ഊർജ്ജം നൽകിയിട്ടുമുണ്ട്. എന്നാൽ  പെട്ടെന്നുണ്ടായ കറൻസി പിൻവലിക്കൽ എന്നെ വല്ലാതെ ചിന്തിതനാക്കി. 

     എന്നാൽ  കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ എന്‍റെ ഒരു സ്റ്റാഫും പൈസ മാറുന്നതിനുവേണ്ടിയോ മറ്റോ അവധി എടുക്കുകയുണ്ടായിട്ടില്ല. സ്റ്റാഫിനോട് നിത്യം കുശലാന്വഷണം നടത്തുന്ന സ്വഭാവമുള്ള എനിക്ക്, ഏതെങ്കിലും സ്റ്റാഫന് പ്രധാനമന്ത്രിയുടെ കറൻസി  പിൻവലിക്കൽ നയത്തിനാൽ പ്രതേയ്കിച്ചു എന്തെങ്കിലും ബുദ്ധിമുട്ടുകൾ  നേരിടുന്നതായി എനിക്കറിയാൻ കഴിഞ്ഞില്ല. ചെറിയതോതിൽ വില്പനയിൽ കുറവുവന്നിട്ടുണ്ട് എന്നല്ലാതെ, എനിക്കോ എന്‍റെ കുടുംബത്തിനോ, എന്‍റെ വ്യവസായ  സ്ഥാപനത്തിനോ ഒരുതരത്തിലുള്ള പ്രതികൂലതയും നേരിടേണ്ടി വരുന്നില്ല. പ്രത്ത്യുത ഞങ്ങളുടെ ആത്മ വിശ്വാസം പതിന്മടങ്ങു വർദ്ധിച്ചിരിക്കയാണ്. കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന 125 കോടി ഇന്ത്യക്കാരുടെ ലിസ്റ്റിൽ നിന്ന്  ദയവായി ഞങ്ങളുടെ പേരുകൾ  മായ്ച്ചു കളയുക.

Thursday, November 17, 2016

ചെറുകഥ

നന്മകൾ മരിക്കുമ്പോൾ

     നല്ല കടുത്ത വേനല്‍കാലം.
     ഒരു ഗ്രാമത്തിൽ ഒരു കർഷകദമ്പതികൾ തന്‍റെ കുഞ്ഞിനെയും കൊണ്ട് വയലിൽ വേലക്കുവന്നു. മരത്തണലിൽ കുഞ്ഞിനെ ഉറക്കികടത്തി തങ്ങളുടെ ജോലിയിൽ വ്യാപൃതരായി. 

     കുറച്ച് കഴിഞ്ഞപ്പോൾ നിഴലിനു- സ്ഥാനമാറ്റം സംഭവിച്ചതിനാൽ കുഞ്ഞിനുമേൽ വെയിലടിക്കാൻ തുടങ്ങി. അതിലെ പറന്നുപോകുന്ന ഒരു കൊക്ക് അതു കാണാനിടയായി. സഹതാപം തോന്നിയ കൊക്ക് മരച്ചില്ലയിൽ ചെന്നിരുന്ന് തന്‍റെ ചിറകുകൾ വിരിച്ച് ആ കൊച്ചുകുഞ്ഞിന് തണൽ പ്രദാനം ചെയ്യാൻ തുടങ്ങി. 


     ആ മരത്തിൽ ഒരു കാക്ക കൂടുകെട്ടി മസിക്കുന്നുണ്ടായിരുന്നു. കൊക്കിന്‍റെ ഈ പരോപകാരപ്രദമായ പ്രവര്‍ത്തികൾ കാക്കക്ക് ഒട്ടും ഇഷ്ട്പ്പെട്ടില്ല. കാക്ക തന്‍റെ കൂട്ടിൽ നിന്നു പറന്ന് ആ പിഞ്ചുകുഞ്ഞിന്‍റെ മേൽ കാഷ്ടിച്ച് പഴയപോലെ തന്‍റെ കൂട്ടിൽ പോയിരുന്നു.

     അസ്വസ്ഥതയോടെ കരയാൻ തുടങ്ങിയ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ചിറകുവിരിച്ചു നില്ക്കുന്ന കൊക്കിനെ കണ്ടു. കൊക്കാണ് കാഷ്ടിച്ചതെന്നു കരുതി കോപാ- കുലനായ പിതാവ് ഒരു കല്ലെടുത്ത് കൊക്കിനു നേരെ എറിഞ്ഞു. തീവ്രഗതിയിൽ കൊക്കിനുനേരെ വന്ന കല്ല് ലക്ഷ്യം തെറ്റി മര- ശിഖരത്തിൽ തട്ടി, ഇതെല്ലാം കണ്ടു രസിക്കുകയായിരുന്ന കാക്കയുടെ കൂട്ടിൽത്തന്നെ വന്നു വീണു. പ്രഹരമേറ്റ കാക്ക തത്ക്ഷണം താഴെ വീണു പിടഞ്ഞു ചത്തു. കൂടെ ആ കാക്കകൂടും കാക്കകുഞ്ഞുങ്ങളും. നിരാലംമ്പരായ ആ കുഞ്ഞുങ്ങൾ മണ്ണിൽ കിടന്നു പിടയാ൯ തുടങ്ങി.

     ഇതുകണ്ട കൊക്കിനു അതിയായ സഹതാപം തോന്നി. പക്ഷെ വീണ്ടും ഒരു റിസ്ക് എടുക്കാനുള്ള ആത്മധൈര്യമില്ലാത്തതിനാൽ കൊക്ക് വിദൂരതയിലെങ്ങോ പറന്നകന്നു. 

     ഗുണപാഠം --- എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ തുടങ്ങുന്നവരെ നിരുത്സാഹപ്പെടുത്താനും കരിതേച്ചുകാണിക്കാനും തക്കം നോക്കുന്നവരുടെ സംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ലകാര്യങ്ങൾ ചെയ്യാനുളള സൻമനസ്സുണ്ടായിട്ടും അതിനുതുനിയാത്തവരാണ് അധികവും.

Monday, November 14, 2016

ലേഖനം


വീടിനു മുകളിലെ വിഷ ഗ്രന്ഥികൾ

     പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മനുഷ്യസമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ലോകമെമ്പാടുമുള്ള പരിസരവാദികൾക്കിടയിലും ലോകാരോഗ്യ സംഘടനയിലും ഒരു വലിയ ചർച്ചാവിഷയമാണ്.

     ഭക്ഷ്യാവശ്യങ്ങൾക്കുവേണ്ടിയെങ്കിലും പ്ലാസ്റ്റിക്കിനെ ഒഴിവാക്കണം എന്ന വസ്തുത പൊതുജനങ്ങളെ ബോധവാന്മാരാക്കി തീർക്കുന്നതിനുവേണ്ടി ഗവൺമെന്റും നോൺ ഗവണ്മെന്റ് ഓർഗനൈസേഷൻസും (NGO) അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചായ, സൂപ്പ് തുടങ്ങിയ ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസ്റ്റിക് പത്രങ്ങളിൽ ഒഴിച്ച് കഴിക്കുന്നതിനാൽ കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ പല വിധത്തിലുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഒരേ വാട്ടർ ബോട്ടിലെ തന്നെ ഒന്നിലധികം തവണ ഉപയോഗിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ലോകമെമ്പാടും മുറവിളികൂട്ടുമ്പോൾ നമ്മൾ ഇന്ത്യക്കാർ നമ്മുടെയെല്ലാവരുടെയും വീട്ടിൽ എത്രയെത്ര പ്ലാസ്റ്റിക് പാത്രങ്ങളിൽ എത്രയെത്ര ഭക്ഷണവസ്തുക്കളാണ് സൂക്ഷിച്ചുവെച്ചിട്ടുള്ളത് എന്ന ഞെട്ടിക്കുന്ന സത്യം മറന്നുപോവുകയാണോ?

     ഏകദേശം 5000 വർഷങ്ങൾക്കുമുമ്പ് പടർന്നുപന്തലിച്ചു നിന്നിരുന്ന സിന്ധുനദിതട സംസ്കാരകാലം മുതൽ ഇന്ത്യക്കാർ ജലസംഭരണികൾ (water tanks) ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. കളിമണ്ണ്, മരം, ലോഹം മുതലായവ. കളിമണ്ണ് കൊണ്ടായിരുന്നു അന്നത്തെ ജലസംഭരണികൾ. സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങൾക്കനുസരിച് പലതരത്തിലുള്ള ജലസംഭരണികൾ നമുക്ക് ഉണ്ടായിരുന്നു. അവസാനം ഏകദേശം 40 വർഷങ്ങൾക്കുമുന്നെ അതു പ്ലാസ്റ്റിക് കയ്യടക്കാൻ തുടങ്ങി. സ്ഥാപിക്കാനുള്ള എളുപ്പവും ദീർഘായുസും ചിലവുകുറവും പ്ലാസ്റ്റിക് ജലസംഭരണികളെ ഗൃഹോപയോഗ്യവസ്തുക്കളിൽ അത്യന്ത്യപേക്ഷിതമായി തീർത്തു.

     ജലസംഭരണികൾ സ്ഥാപിക്കപ്പെടുന്നത് വീടിന്‍റെ ഏറ്റവും ഉയരത്തിലാണ്. പകൽ മിക്കവാറുസമയവും പൊള്ളുന്ന വെയിൽ ചൂട് ലഭിക്കുന്നതിനാൽ (വാട്ടർ ടാങ്കുകൾ അധികവും കറുപ്പ് നിറത്തിലാണ് ഉള്ളത്, കറുപ്പ് ചൂടിനെ കൂടുതൽ ആഗിരണം ചെയ്യുന്നു) ടാങ്കിലെ വെള്ളത്തിന്‍റെ താപം പലയിടങ്ങളിലും 60OC വരെ എത്തിച്ചേരുന്നു. ചൂടായാൽ വിഷ വിസർജനം  നടത്താത്ത ഒരു പ്ലാസ്റ്റിക്കും ഇല്ല. Polyethlene (PE), polypropylene (PP) തുടങ്ങിയ ഇനം പ്ലാസ്റ്റിക്കുകളാണ് വാട്ടർ ടാങ്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കടുത്ത ചൂടിനാലും കാലഹരണപ്പെടുന്നതിനാലും ഉല്പന്നമാകുന്ന വിഷാംശം ടാങ്കിലെ വെള്ളത്തിൽ കലരാൻ തുടങ്ങുന്നു.

     കുടിവെള്ള ആവശ്യത്തിനായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ടാങ്കുകൾ ഇന്ത്യയിലാണ് ഉപദേശിക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ നിർമാതാവും ഇന്ത്യയിൽ തന്നെയാണ്. ഈയിടെ ഒരു വാട്ടർ ടാങ്ക് നിർമ്മിതാവിന്‍റെ പരസ്യം TV ചാനലിൽ കാണാൻ കഴിയുകയുണ്ടായി. തങ്ങളുടെ ഈ വാട്ടർ ടാങ്ക് കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവുന്നതാണ് എന്നാണ് പരസ്യം. അതായത് ഇപ്പോൾ നിലവിലുള്ള ടാങ്കുകൾ കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കവുന്നതല്ല എന്ന സമിതികലല്ലേ അത്.

   തിളപ്പിച്ച വെള്ളം കുടിക്കുന്നതിനാലും വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നതിനാലും ഈ വിഷാംശം നമ്മളിൽ എൽകുന്നില്ല എന്ന വിശ്വാസത്തിൽ നമ്മൾ ഇനിയും മുന്നോട്ടു പോയികൊണ്ടിരിക്കും. പ്ലാസ്റ്റിക് വാട്ടർ ടാങ്കുകളിൽ മൈക്രോ ഓർഗാനിസം വികസിച്ചുവരാനുള്ള സൗകര്യം മറ്റു ടാങ്കുകളെ അപേക്ഷിച് കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

     കാൻസർ, കരൾരോഗം, വൃക്കരോഗം തുടങ്ങി എണ്ണമറ്റ അസുഖങ്ങൾക്കു വഴി തെളിയിക്കുന്ന വിഷഗ്രന്ഥികളെ നമുക്ക് വീടിന്‍റെ മേല്കൂരയിൽനിന്നും വീടിനകത്തുനിന്നും എടുത്തു മാറ്റേണ്ടിയിരിക്കുന്നു.

    സർക്കാരും NGO യും മാത്രമല്ല നമ്മളോരോരുത്തരും അതിനുവേണ്ടി ഗൗരവമായി പ്രവർതിക്കണ്ടതാണ്.   

Friday, November 4, 2016

ചെറുകഥ

മദ്യപാനിയും ശ്രീ ബുദ്ധനും

    ഒരിക്കൽ ശ്രീ ബുദ്ധൻ ശിഷ്യഗാനങ്ങളോടൊപ്പം ഗ്രാമ വീഥിയിലൂടെ നടന്നു പോവുകയായിരുന്നു. ഒരു യുവതി ശ്രീ ബുദ്ധന്‍റെ കാലുകൾ തോട്ട് വണങ്ങി കൈകൂപ്പി നിന്നു. യുവതിയുടെ മുഖത്തെ ദുഃഖവും നിസ്സഹായതയും കണ്ടു ബുദ്ധൻ ചോദിച്ചു:- "പുത്രി, എന്തു പറ്റി? നിന്‍റെ ദുഃഖത്തിന് കാരണം എന്താണ്?"

യുവതി:- "ഗുരുദേവാ, എന്‍റെ ഭർത്താവ് മുഴുകുടിയൻ ആണ്. എന്നും കുടിച്ചിട്ട് വീട്ടിൽ വന്ന് എന്നോട് വഴക്കിടുകയും അടിക്കുകയും ചെയ്യും."

    ബുദ്ധൻ ആ യുവതിയുടെ വീട്ടിൽ പോയി യുവതിയുടെ ഭർത്താവിനോട് സംസാരിച്ചു. മദ്യപിച്ചു വീട്ടിൽ വന്നാൽ തന്‍റെ ഭാര്യക്കും കുട്ടികൾക്കും ഉണ്ടാകുന്ന ദുഖതെകുറിച്ചും കഷ്ടതയെക്കുറിച്ചും ഉപദേശിച്ചു. ഉപദേശങ്ങൾ കേട്ട് യുവതിയുടെ ഭർത്താവ് ബുദ്ധന്‍റെ കാൽക്കൽ വീണു സത്യം ചെയ്‌തു. ഇനി ഒരിക്കലും ഞാൻ മദ്യപിച്ചു വീട്ടിൽ വരില്ല.

    ആ കുടുംബത്തെ അനുഗ്രഹിച്ചുകൊണ്ട് ശ്രീ ബുദ്ധൻ നടന്നകന്നു.
    ഏതാനും ദിവസങ്ങൾക്കു ശേഷം ബുദ്ധൻ ആ ഗ്രാമത്തിലൂടെ വീണ്ടും നടന്നു പോകാൻ ഇടയായി. അതെ യുവതി കൂടുതൽ ദുഃഖ ഭാവത്തിൽ ശ്രീ ബുദ്ധനെ സമീപിച്ചു. ആശ്ചര്യത്തോടെ ശ്രീ ബുദ്ധൻ ചോദിച്ചു:- "എന്തു പറ്റി? വീണ്ടും നിന്‍റെ ഭർത്താവ് മദ്യപിച്ചു വീട്ടിൽ വരാൻ തുടങ്ങിയോ?"

യുവതി:- "ഇല്യ ഗുരുദേവാ, എപ്പോൾ മൂക്കറ്റം കുടിച്ചു വീട്ടിൽ വരാറില്ല. മദ്യശാലയിൽ തന്നെയാണ് കിടപ്പ്."

Wednesday, November 2, 2016

ലേഖനം

നഷ്ടം വിതയ്ക്കുന്ന സോളാർ സ്ട്രീറ്റ് 
ലൈറ്റുകൾ

     സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സാമ്പത്തിക നഷ്ടവും പ്രകൃതി മലിനീകരണവും വർദ്ധിപ്പിക്കാനുള്ള ഉപാധി മാത്രം.
     വൈദ്യുതി ലാഭിക്കുക എന്ന സദുദ്ധേശ്യത്തോടെ ഇന്ത്യയിലുടെ നീളം ലക്ഷകണക്കിന് സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ ആണ് സ്ഥാപിക്കപ്പെടുന്നത്. അതിനുവേണ്ടി സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും കോടികണക്കിനു രൂപയാണ് ചെലവാക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം ലാഭകരമാണ് എന്ന് പരിശോധിച്ചാല്‍ നിരാശയാണ് ഫലം.
     25 വാള്‍ട്ടിന്‍റെ ഒരു എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റിന്‍റെ വൈദ്യുതി ഉപഭോഗം 40 മണിക്കൂറില്‍ ഒരു വാള്‍ട്ട്/അവര്‍ ആണ്. (അതായത് ഒരു യൂണിറ്റ്). ഇത് ഒരു രാത്രി 12 മണിക്കൂർ കത്തുന്നു, മാസത്തില്‍ 360 മണിക്കൂർ. 360 മണിക്കൂർ എരിഞ്ഞാൽ വൈദ്യുതി ഉപഭോഗം 9 യൂണിറ്റ് മാത്രമാണ്. വൈദ്യുതിയുടെ ഇന്ത്യയിലെ ശരാശരി നിരക്ക് 5 രൂപ പ്രതിയൂണിറ്റാണ്. മാസത്തില്‍ 45 രൂപയുടെ വൈദ്യുതി ലാഭിക്കാം. വര്‍ഷത്തിൽ 540 രൂപ. ഒരു സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ പരമാവധി ആയുസ് 5 വര്‍ഷമാണ്. 60% ലൈറ്റുകളുടെ ബാറ്ററികളുടെ പരാമവധി ആയുസും 3 വര്‍ഷമാണ്. അഞ്ചുവര്‍ഷം കൊണ്ട് 2700 രൂപയുടെ വൈദ്യുതി ലാഭിക്കപ്പെടുമ്പോൾ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളിൽ മാറ്റപ്പെടേണ്ട 40 ah ബാറ്ററിയുടെ മാര്‍ക്കറ്റ് വില 5000 രൂപയാണ്.
     25 വാട്ടിന്‍റെ ഒരു സോളാർ സ്ട്രീറ്റ് ലൈറ്റിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രമികള്‍ ചുവടെ ചേര്‍ക്കുന്നു,
80 വാട്ടിന്‍റെ ഒരു സോളാർ പാനൽ
25 വാട്ടിന്‍റെ സോളാർ സ്ട്രീറ്റ് ലൈറ്റ്
40 ah ന്‍റെ ഒരു ബാറ്ററി                                            
ചാര്‍ജ് കണ്‍ട്രോളർ
     6 മണിക്ക് ഓണ്‍ ചെയ്യാനും കാലത്ത് 6 മണിയ്ക്ക് ഓഫ് ചെയ്യാനുമുള്ള സംവിധാനവും, രാത്രി 12 മണിക്കുശേഷം കാലത്ത് നാലു മണി വരെ വൈദ്യുതി ഉപഭോഗം പകുതി ആക്കാനുള്ള സംവിധാനവും ചാര്‍ജ് കണ്‍ട്രോളറിർ ലഭ്യമാണ്. സ്ഥാപിക്കാനുള്ള തൂണുകളടക്കം ഇതിന് ഇന്നത്തെ മാര്‍ക്കറ്റ് വില പ്രകാരം 24000 രൂപയാണ്. 5 വര്‍ഷത്തെ ബാങ്ക് പലിശ 18 ശതമാനം നോക്കുമ്പോള്‍ 21600 രൂപ. 5 വര്‍ഷം ലാഭിച്ച വൈദ്യുതിയുടെ വില 2700 രൂപ. അതിലും വലിയ പ്രശ്‌നം കാലവധി കഴിഞ്ഞ ബാറ്ററികള്‍ സംസ്‌കരിക്കപ്പെടേണ്ടതാണ്. ഇവ ഉയര്‍ത്തുന്ന പ്രകൃതി മലീനികരണം നമ്മുക്ക് തടഞ്ഞേ പറ്റൂം. അതീവ വിഷാംശമുള്ള ലെഡ്, ആസിഡ് എന്നിവയാണ് ബാറ്ററി നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.

സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളെ എങ്ങനെ ലാഭകരമാക്കാം ?
     അല്‍പം ശാസ്ത്രീയമായി കാര്യങ്ങള്‍ നോക്കി കാണുകയാണെങ്കില്‍, സംഗതി ലാഭകരമാക്കാം കൂടാതെ പ്രകൃതി മലിനീകരണത്തില്‍ നിന്ന് രക്ഷനേടുകയും ചെയ്യാം. വൈദ്യുതി എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാത്ത സ്ഥലങ്ങള്‍ക്ക് വേണ്ടിയാണ് യഥാര്‍ത്ഥത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. വൈരുദ്ധ്യമെന്ന് പറയട്ടെ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുന്നത് വൈദ്യുതി ലഭ്യമായ ഇടങ്ങളിലാണ്. സോളാര്‍ സ്ട്രീറ്റ് ലൈറ്റുകൾ എങ്ങനെ ലാഭകരമായി ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
    ഉദാഹരണത്തിന് നൂറ് 25 വാട്ടിന്‍റെ സോളാർ സ്ട്രീറ്റ് ലൈറ്റിന്‍റെ ഒരു പദ്ധതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ മാര്‍ക്കറ്റ് വില പ്രകാരം ചെലവ് 24 ലക്ഷം രൂപ. ഒരു ദിവസം ഈ ലൈറ്റുകളെ പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി 30 യൂണിറ്റാണ്. 30 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശരാശരി 6 കിലോ വാട്ടിന്‍റെ സോളാര്‍ പാനൽ മതി. ഈ കാര്യം സോളാർ വിദഗ്ദര്‍ക്ക് പോലും അറിയുന്ന കാര്യമാണ്. 28000 രൂപ പ്രതി കിലോവാട്ടുകൾ സോളാർ പാനലുകൾ ഇന്ത്യൻ വിപണിയില്‍ ലഭ്യമാണ്. ആറു കിലോ വാട്ടിന് 168000 രൂപ, ഇങ്ങനെ പോകുന്നു കണക്കിന്‍റെ യാഥാര്‍ഥ്യം.

     ഇന്ന് ആധുനിക സുഖസൗകര്യങ്ങള്‍ക്കായി വളരെയധികം ഇലക്ട്രിസ്റ്റി പകൽ സമയത്തും ആവശ്യമാണ്. ഒരു പ്രത്യേക സ്ഥലത്ത് ആവശ്യമായ 30 യൂണിറ്റ് ഇലക്ട്രിസ്റ്റി ഉണ്ടാക്കാനവശ്യമായ പാനലുകള്‍ സ്ഥാപിച്ച് നെറ്റ് മീറ്റര്‍ വഴി ഇലക്ട്രിക് വിതരണ വിഭാഗത്തിനു നല്‍കി രാത്രി ആവശ്യമായി വൈദ്യുതി തിരിച്ചു വാങ്ങുകയാണെങ്കില്‍ പാനലുകളുടെ വിലയിൽ ഗണ്യമായി കുറവുവരുത്താം. ബാറ്ററിയും ലാഭിക്കാം. ഇത്തരത്തില്‍ 5ലക്ഷം രൂപകൊണ്ട് 100 സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാവുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കാവുന്ന സ്ട്രീറ്റ് ലൈറ്റുകളുടെ ആയുസ് വളരെ കൂടുതലയിരിക്കും. ബാറ്ററിയുടെ ആവശ്യമില്ലാത്തതിനാല്‍ അതിന്‍റെ ചിലവും പ്രകൃതി മലിനീകരണവും ഇല്ലാതാകും. 

Monday, October 31, 2016

ലേഖനം

പുസ്തകങവഴികാട്ടിക

താനും ദിവസങള്‍ക്കു മുന്നെ എന്‍റെ അടുത്ത സുഹൃത്തായ അഭയ ഗുപ്തയുടെ ഫോൺ ഡല്‍ഹിയില്‍ നിന്നും വരികയുണ്ടായി. അദ്ദേഹത്തിന്‍റെ ആത്മീയ ഗുരുവിന്‍റെ മുന്നൂറാമത്തെ പുസ്തകത്തിന്‍റെ പ്രകാശനം മുംബൈയില്‍ വച്ച് നടത്താ൯ പോവുകയാണ്. അതിനെന്നെ ക്ഷണിക്കാ൯ വേണ്ടിയായിരുന്നു വിളിച്ചത്. ലോകത്തിന്‍റെ നാനാഭാഗങളിൽ നിന്നായി ഒരു ലക്ഷത്തില്‍ പരം പേ൪ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഞാ൯ സുഹൃത്തിനോട് ചോദിച്ചു: 

“താങ്കളുടെ ഗുരു എന്താ നോവലോ, ചെറുകഥാസമാഹാരങളോ, അതോ സയ൯സ് ആന്‍റ് ടെക്നോളജിയെക്കുറിച്ചോ, മറ്റോ ആണോ എഴുതുന്നത്?”.

സുഹൃത്ത്:- താങ്കള്‍ എന്താണീ പറയുന്നത്? എന്‍റെ ഗുരു ആദ്ധ്യാത്മിക ജ്ഞാനത്തെക്കുറിച്ചു മാത്രമേ എഴുതിയിട്ടുള്ളു. വേറെ ഒരു വിഷയത്തെക്കുറിച്ചും എഴുതിയിട്ടില്ല.

ഞാ൯:- താങ്കളുടെ ഗുരു 299 പുസ്തകങള്‍ എഴുതിയിട്ടും ശിഷ്യ൯മാ൪ക്കു ആദ്ധ്യാത്മിക ജ്ഞാനം വന്നിട്ടില്ലെങ്കിൽ, ഈ പുസ്തകം അത് പ്രദാനം ചെയ്യുമെന്ന് താങ്കൾ കരുതുന്നുണ്ടോ? പുസ്തകത്തിലൂടെ അറിവ് നല്‍കാ൯ കഴിയുമെങ്കില്‍ നീന്തലിനെക്കുറിച്ച് ഒരു പുസ്തകം എഴുതാ൯ ഗുരുവിനോട് പറയുക. ശിഷ്യന്മാ൪ അത് വായിച്ചു പഠിച്ച് നദിയില്‍ എടുത്ത്ചാടട്ടെ.

കുപിതനായ സുഹൃത്ത് ഫോണ്‍ കട്ട് ചെയ്തു.

നമ്മുടെ ഭൌതിക വിദ്യാഭാസ വ്യവസ്ഥയായാലും ശരി, ആത്മീയ വിദ്യാഭ്യാസ വ്യവസ്ഥയായാലും ശരി ശബ്ദങളിലൂടെ നീന്തൽ പഠിപ്പിക്കുന്ന പോലെ തന്നെയാണ്‍ നടത്തിക്കൊണ്ടുപോകുന്നത്. നമുക്ക് ഇവിടെ വേണ്ടത് നല്ല കല്‍പ്പടവുകാരനേയും, ഇലക്ട്രീഷ്യ൯മാരേയും, ഓട്ടോ മെക്കാനിക്കിനേയും ഒക്കെയാണ്‍. എന്നാല്‍ ഇഷ്ടികയും, സിമന്‍റും കാണാത്ത സിവില്‍ എ൯ജിനിയ൪മാരും, ഡയോഡും, കപ്പാസിറ്ററും കാണാത്ത ഇലക്ട്രോണിക്ക് എ൯ജിനിയ൪മാരും, സിലിണ്ടറും, പിസ്റ്റളും, സ്പേനറും കാണാത്ത മെക്കാനിക്കൽ എ൯ജിനിയ൪മാരുമാണ്‍ എവിടെ നോക്കിയാലും. 

മതപഠനത്തെക്കുറിച്ച് പരിശോധിച്ചാൽ സ്ഥിതി ഇതിലും പരിതാപകരമാണ്‍. ഇ൦ഗ്ലീഷിലെ ക്യാറ്റും, ഹിന്ദിയിലെ ബില്ലിയും, അറബിയിലെ ഖത്തും, മലയാളത്തിലെ പൂച്ചയും ഒന്നാണെന്ന് പഠിപ്പിക്കാതെ പുസ്തകങളുടെ പേരില്‍ തമ്മില്‍ തല്ലി തലയുടക്കാനുള്ള പ്രേരണ നല്‍കുകയാണ്‍ മതവിദ്യാഭ്യാസം ഇവിടെ ചെയ്യുന്നത്. Cat എന്നെഴുതിയതുക്കൊണ്ട് പൂച്ച പുലിയാകാ൯ പോകുന്നുണ്ടോ?

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയ്ക്കു പുറമേ ലോകത്തിലെ നിരവധി രാജ്യങൾ ആണവബോ൦ബ് നി൪മ്മിക്കുന്നതില്‍ വിജയം കൈവരിക്കുകയുണ്ടായി. അമേരിക്കയുടെ കൈവശം മാത്രം 7700ലേറെ ആറ്റം ബോ൦ബുകളുണ്ട് എന്നാണ്‍ പറയപ്പെടുന്നത്. മറ്റ് രാജ്യങളുടെ കണക്കുകൾ കൂടി ചേ൪ത്താല്‍ ഇത് 12,000ത്തില്‍ ഏറെ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ലോകത്തിലെ എല്ലാ ജീവജാലങളേയും നശിപ്പിക്കാ൯ 50 ആറ്റം ബോ൦ബുകളുടെ ആവശ്യം പോലും വരും എന്നു തോന്നുന്നില്ല.


പക്ഷെ അതിലും വലിയ ഭീഷണിയായി നിലകൊള്ളുന്നത് പുസ്തകങളാണ്. തങളുടെ മതഗ്രന്ഥങളാണ് ഏറ്റവും മഹത്തരമെന്ന് തെളിയിക്കുന്നതിനു വേണ്ടിയും, തങളുടെ ഗ്രന്ഥങളിൽ എഴുതിയ കാര്യങള്‍ അ൦ഗീകരിക്കാത്തവയെ വെറുക്കാനും, ഉന്മൂലനാശനം ചെയ്യാനും വേണ്ടിയുള്ള വ്യഗ്രതയാണ് ലോകത്തിനു ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നത്. മറ്റുള്ളവരുടെ മതപുസ്തകങൾ വായിക്കുകയോ, മനസ്സിലാക്കുകയോ കാണുകയോ പോലും ചെയ്യാതെയാണ് തങളുടെ മതഗ്രന്ഥങളാണ് ഏറ്റവും മഹത്തായ ഗ്രന്ഥമെന്ന വാദങളുമായി മുന്നിൽ നില്‍ക്കുന്നത്. 


പുസ്തകങള്‍ വഴികാട്ടികള്‍ മാത്രമാണ്. പുസ്തകങളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ ഏതൊക്കെയോ വ്യക്തികളുടെ അനുഭവങളില്‍ നിന്നും രൂപം കൊണ്ട ആശയങള്‍ മാത്രമാണ്. നമ്മുടെ ജീവിതാനുഭവങളിലൂടെ വെളിച്ചത്തില്‍ അതിനെ വിശകലനം ചെയ്യാതെയോ, പ്രായോഗികമായി പരീക്ഷണം നടത്താതെയോ അതിനെ ഉള്‍ക്കൊള്ളുന്നത് വ്യ൪ത്ഥമാണ്. അത് നമ്മളെ ആശയകുഴപ്പത്തില്‍ എത്തിക്കുവാ൯ മാത്രമേ സഹായിക്കുകയുള്ളൂ.