കണ്ണന്നൂരും മഹര്‍ഷി കണ്വനും
മഹാകവി
കാളിദാസന്‍റെ വിശ്വപ്രസിദ്ധ മഹാകാവ്യമായ
ശാകുന്തളത്തെക്കുറിച്ച് കേള്‍ക്കാത്ത ഭാരതീയരുണ്ടാകുമെന്ന് തോന്നുന്നില്ല.
വിശ്വാമിത്ര മഹര്‍ഷിയുടെ തപസുമുടക്കാന്‍ ഇന്ദ്രനാല്‍ അയക്കപ്പെട്ട സ്വർഗ്ഗലോകസുന്ദരി
മേനകയില്‍ ഉണ്ടായ പുത്രിയാണ് ശകുന്തള. മേനകയുടെ ദൗത്യം പൂര്‍ത്തിയാക്കി
തിരിച്ചുപോകേണ്ടി വന്നപ്പോള്‍ ശകുന്തളയുടെ പരിപാലനം കണ്വമഹര്‍ഷി
ഏറ്റെടുക്കുകയാണുണ്ടായത്.
കണ്ണന്നൂരില്‍ നിളയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രത്തിന്‍റെ പ്രാധാന്യം എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത് ഋഷികേശില്‍ വച്ചാണ്. 1991 മുതല്‍ മൂന്നര വര്‍ഷത്തോളം ഞാന്‍ സത്യത്തെ അന്വേഷിച്ച് ഇന്ത്യയില്‍ പലയിടങ്ങളിലും സഞ്ചരിക്കുകയുണ്ടായി. ഋഷികേശിലെ ശാന്തികുഞ്ചാശ്രമത്തില്‍ വച്ച് പരിചയപ്പെടാനിടയായ ഒരു ഉത്തരേന്ത്യന്‍ സന്യാസി എന്‍റെ ഊരും പേരും ചേദിച്ചപ്പോള്‍ കേരളത്തില്‍ പട്ടാമ്പിക്കാരനായണെന്നും പറഞ്ഞു. കണ്ണന്നൂരറിയുമോ എന്ന് ചേദിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. കണ്വമുനിയും കണ്ണന്നൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹമാണ് എനിക്ക് പറഞ്ഞു തന്നത്.
പാണ്ഡവരുടെ പിന്‍ഗാമിയായ ദുഷ്യന്തനുമായുള്ള ഗാന്ധര്‍വ്വ വിവാഹത്തില്‍ ശകുന്തളക്കുണ്ടായ പുത്രനാണ് ചക്രവര്‍ത്തി ഭരതന്‍. അദ്ദേഹത്തിന്‍റെ പേരുകൊണ്ടാണ് നമ്മുടെ നാട് ഭാരതം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ദുഷ്യന്തനുമായുള്ള ശകുന്തളയുടെ പുനര്‍ സമാഗത്തിനുശേഷം കണ്വമഹര്‍ഷി ദക്ഷിണേന്ത്യയിലേക്ക് പ്രയാണ് ആരംഭിച്ചു. നര്‍മ്മദാ നദിക്കരയില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ വംശജരായ കുറിച്ച് യാദവയുവാക്കള്‍ കണ്വമഹര്‍ഷിയെ പരീക്ഷിക്കാന്‍ ശ്രമിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍റെ പുത്രരിലൊരാളായ സാമ്പ സ്ത്രീരുപം ധരിച്ച് തുണികള്‍ക്കിടയില്‍ ഒരു ഇരുമ്പുലക്ക വച്ച് കണ്വമഹര്‍ഷിയെ കളിയാക്കുന്നതിനുവേണ്ടി ഈ സ്ത്രീ എന്തുകുട്ടിയെ പ്രസവിക്കുമെന്ന് ചേദിച്ചു. ക്ഷുഭിതനായ കണ്വമഹര്‍ഷി ഈ സ്ത്രീ ഒരു ഇരുമ്പുലക്ക പ്രസവിക്കുമെന്നും ആ ഉലക്കയാല്‍ യാദവവംശം നശിക്കുമെന്നും ശപിക്കുകയുണ്ടായി. അങ്ങനെതന്നെ സംഭവിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇരുമ്പുലക്കയെ പൊടിച്ചു കടലിലെറിഞ്ഞെങ്കിലും ഒരു മീന്‍ അതിന്‍റെ അംശം ഭക്ഷിക്കുകയും അത് ക്രമേണ ഒരു ഇരുമ്പുകഷ്ണമായി മാറുകയും ചെയ്തു. മീനിനെ പിടിച്ച മുക്കുവന്‍ ഒരു ആയുധ നിര്‍മാതാവിന് അത് വില്‍ക്കുകയും അതുകൊണ്ട് നിര്‍മിക്കപ്പെട്ട അമ്പിനാല്‍ ശ്രീകൃഷ്ണന്‍ വധിക്കപ്പെട്ടുവെന്നുമാണ് ഐതീഹ്യം പറയുന്നത്.
ദക്ഷിണേന്ത്യയിലേക്കുള്ള
യാത്രക്കിടയില്‍ മഹാരാഷ്ട്രയില്‍ ഒരു ചതുര്‍മാസക്കാലം താമസിക്കുകയുണ്ടായി. ആ
സ്ഥലത്ത് അന്ന് ചെയ്ത പ്രതിഷ്ഠയാണ് ഇന്ന് ഇന്ത്യയിലെ പ്രസിദ്ധമായ ടിടലവാലാ
മഹാഗണപതി ക്ഷേത്രം. അവിടെ നിന്നും കര്‍ണാടകയില്‍ വന്ന് ബാംഗ്ലൂരില്‍ നിന്ന് 40
കിലോമീറ്റര്‍ മാറി കൃഷ്ണപുരിയില്‍ താമസിക്കുകയുണ്ടായി. അവിടെ പ്രതിഷ്ഠിച്ച
ക്ഷേത്രമാണ് മെത്രോ സ്വാമി ക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്നത്. അവിടെ നിന്ന്
ചെന്നൈക്കടുത്ത് ചെങ്കല്‍ പേട്ടയില്‍ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തിരുപേരൂര്‍
മുരുകന്‍ ക്ഷേത്രം. പിന്നീട് കേരളത്തിലേക്ക് പ്രവേശിച്ച കണ്വമഹര്‍ഷി കേരളം കടുത്ത
വരള്‍ച്ച മൂലം കഷ്ടപ്പെടുന്ന സമയത്തുമായിരുന്നു അത്, തന്‍റെ ജ്ഞാനദൃഷ്ടി കൊണ്ട് ഭാരതപ്പുഴയിലെ ഒരിക്കലും
വറ്റാത്ത കയമായ കണ്ണന്നൂര്‍ കയത്തിനടുത്തെത്തി ആശ്രമം ഉണ്ടാക്കി ദീര്‍ഘകാലം തപസു
ചെയ്യുകയുണ്ടായിയ്. അന്ന് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ കണ്ണന്നൂര്‍ ക്ഷേത്രം.
ഭാരതത്തില്‍ സനാതന രീതി പ്രകാരം ആരു സന്യസിച്ചാലും ഇവിടെ വന്ന് ദര്‍ശനം നടത്തിയാലെ
സന്യാസം പൂര്‍ത്തിയാകു എന്ന് വിശ്വസിക്കപ്പെടുന്നു. കണ്വമഹര്‍ഷിയുടെ അന്ത്യസമാധി
ഇവിടെ വച്ചാണ് നടന്നത് എന്ന് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ ഗ്രാമം കണ്ണന്നൂര്‍
എന്നപേരില്‍ അറിയപ്പെടുന്നത്.



