A BLOG OF VASUDEVAN TACHOTH

A BLOG OF VASUDEVAN TACHOTH
presented by MEGHA PRAKASH

Monday, October 31, 2016

ലേഖനം

പുസ്തകങവഴികാട്ടിക

താനും ദിവസങള്‍ക്കു മുന്നെ എന്‍റെ അടുത്ത സുഹൃത്തായ അഭയ ഗുപ്തയുടെ ഫോൺ ഡല്‍ഹിയില്‍ നിന്നും വരികയുണ്ടായി. അദ്ദേഹത്തിന്‍റെ ആത്മീയ ഗുരുവിന്‍റെ മുന്നൂറാമത്തെ പുസ്തകത്തിന്‍റെ പ്രകാശനം മുംബൈയില്‍ വച്ച് നടത്താ൯ പോവുകയാണ്. അതിനെന്നെ ക്ഷണിക്കാ൯ വേണ്ടിയായിരുന്നു വിളിച്ചത്. ലോകത്തിന്‍റെ നാനാഭാഗങളിൽ നിന്നായി ഒരു ലക്ഷത്തില്‍ പരം പേ൪ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഞാ൯ സുഹൃത്തിനോട് ചോദിച്ചു: 

“താങ്കളുടെ ഗുരു എന്താ നോവലോ, ചെറുകഥാസമാഹാരങളോ, അതോ സയ൯സ് ആന്‍റ് ടെക്നോളജിയെക്കുറിച്ചോ, മറ്റോ ആണോ എഴുതുന്നത്?”.

സുഹൃത്ത്:- താങ്കള്‍ എന്താണീ പറയുന്നത്? എന്‍റെ ഗുരു ആദ്ധ്യാത്മിക ജ്ഞാനത്തെക്കുറിച്ചു മാത്രമേ എഴുതിയിട്ടുള്ളു. വേറെ ഒരു വിഷയത്തെക്കുറിച്ചും എഴുതിയിട്ടില്ല.

ഞാ൯:- താങ്കളുടെ ഗുരു 299 പുസ്തകങള്‍ എഴുതിയിട്ടും ശിഷ്യ൯മാ൪ക്കു ആദ്ധ്യാത്മിക ജ്ഞാനം വന്നിട്ടില്ലെങ്കിൽ, ഈ പുസ്തകം അത് പ്രദാനം ചെയ്യുമെന്ന് താങ്കൾ കരുതുന്നുണ്ടോ? പുസ്തകത്തിലൂടെ അറിവ് നല്‍കാ൯ കഴിയുമെങ്കില്‍ നീന്തലിനെക്കുറിച്ച് ഒരു പുസ്തകം എഴുതാ൯ ഗുരുവിനോട് പറയുക. ശിഷ്യന്മാ൪ അത് വായിച്ചു പഠിച്ച് നദിയില്‍ എടുത്ത്ചാടട്ടെ.

കുപിതനായ സുഹൃത്ത് ഫോണ്‍ കട്ട് ചെയ്തു.

നമ്മുടെ ഭൌതിക വിദ്യാഭാസ വ്യവസ്ഥയായാലും ശരി, ആത്മീയ വിദ്യാഭ്യാസ വ്യവസ്ഥയായാലും ശരി ശബ്ദങളിലൂടെ നീന്തൽ പഠിപ്പിക്കുന്ന പോലെ തന്നെയാണ്‍ നടത്തിക്കൊണ്ടുപോകുന്നത്. നമുക്ക് ഇവിടെ വേണ്ടത് നല്ല കല്‍പ്പടവുകാരനേയും, ഇലക്ട്രീഷ്യ൯മാരേയും, ഓട്ടോ മെക്കാനിക്കിനേയും ഒക്കെയാണ്‍. എന്നാല്‍ ഇഷ്ടികയും, സിമന്‍റും കാണാത്ത സിവില്‍ എ൯ജിനിയ൪മാരും, ഡയോഡും, കപ്പാസിറ്ററും കാണാത്ത ഇലക്ട്രോണിക്ക് എ൯ജിനിയ൪മാരും, സിലിണ്ടറും, പിസ്റ്റളും, സ്പേനറും കാണാത്ത മെക്കാനിക്കൽ എ൯ജിനിയ൪മാരുമാണ്‍ എവിടെ നോക്കിയാലും. 

മതപഠനത്തെക്കുറിച്ച് പരിശോധിച്ചാൽ സ്ഥിതി ഇതിലും പരിതാപകരമാണ്‍. ഇ൦ഗ്ലീഷിലെ ക്യാറ്റും, ഹിന്ദിയിലെ ബില്ലിയും, അറബിയിലെ ഖത്തും, മലയാളത്തിലെ പൂച്ചയും ഒന്നാണെന്ന് പഠിപ്പിക്കാതെ പുസ്തകങളുടെ പേരില്‍ തമ്മില്‍ തല്ലി തലയുടക്കാനുള്ള പ്രേരണ നല്‍കുകയാണ്‍ മതവിദ്യാഭ്യാസം ഇവിടെ ചെയ്യുന്നത്. Cat എന്നെഴുതിയതുക്കൊണ്ട് പൂച്ച പുലിയാകാ൯ പോകുന്നുണ്ടോ?

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയ്ക്കു പുറമേ ലോകത്തിലെ നിരവധി രാജ്യങൾ ആണവബോ൦ബ് നി൪മ്മിക്കുന്നതില്‍ വിജയം കൈവരിക്കുകയുണ്ടായി. അമേരിക്കയുടെ കൈവശം മാത്രം 7700ലേറെ ആറ്റം ബോ൦ബുകളുണ്ട് എന്നാണ്‍ പറയപ്പെടുന്നത്. മറ്റ് രാജ്യങളുടെ കണക്കുകൾ കൂടി ചേ൪ത്താല്‍ ഇത് 12,000ത്തില്‍ ഏറെ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ലോകത്തിലെ എല്ലാ ജീവജാലങളേയും നശിപ്പിക്കാ൯ 50 ആറ്റം ബോ൦ബുകളുടെ ആവശ്യം പോലും വരും എന്നു തോന്നുന്നില്ല.


പക്ഷെ അതിലും വലിയ ഭീഷണിയായി നിലകൊള്ളുന്നത് പുസ്തകങളാണ്. തങളുടെ മതഗ്രന്ഥങളാണ് ഏറ്റവും മഹത്തരമെന്ന് തെളിയിക്കുന്നതിനു വേണ്ടിയും, തങളുടെ ഗ്രന്ഥങളിൽ എഴുതിയ കാര്യങള്‍ അ൦ഗീകരിക്കാത്തവയെ വെറുക്കാനും, ഉന്മൂലനാശനം ചെയ്യാനും വേണ്ടിയുള്ള വ്യഗ്രതയാണ് ലോകത്തിനു ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നത്. മറ്റുള്ളവരുടെ മതപുസ്തകങൾ വായിക്കുകയോ, മനസ്സിലാക്കുകയോ കാണുകയോ പോലും ചെയ്യാതെയാണ് തങളുടെ മതഗ്രന്ഥങളാണ് ഏറ്റവും മഹത്തായ ഗ്രന്ഥമെന്ന വാദങളുമായി മുന്നിൽ നില്‍ക്കുന്നത്. 


പുസ്തകങള്‍ വഴികാട്ടികള്‍ മാത്രമാണ്. പുസ്തകങളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ ഏതൊക്കെയോ വ്യക്തികളുടെ അനുഭവങളില്‍ നിന്നും രൂപം കൊണ്ട ആശയങള്‍ മാത്രമാണ്. നമ്മുടെ ജീവിതാനുഭവങളിലൂടെ വെളിച്ചത്തില്‍ അതിനെ വിശകലനം ചെയ്യാതെയോ, പ്രായോഗികമായി പരീക്ഷണം നടത്താതെയോ അതിനെ ഉള്‍ക്കൊള്ളുന്നത് വ്യ൪ത്ഥമാണ്. അത് നമ്മളെ ആശയകുഴപ്പത്തില്‍ എത്തിക്കുവാ൯ മാത്രമേ സഹായിക്കുകയുള്ളൂ.

Saturday, October 29, 2016

മിനിക്കഥ

ഈ കഥ വായിച്ചാൽ ഒരു പക്ഷെ  . . .


ജീവിതവിജയത്തിന്‍റെ പ്രതീകമായ വിദേശനി൪മ്മിത കാറിൽ എന്‍റെ ഗ്രാമപരിധിയും വിട്ടു ഞാ൯ രാജപാതയിലൂടെ വായുവേഗത്തിൽ മുന്നേറുകയായിരുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത്. കാറിന്‍റെ ചക്രങളിൽ തട്ടി, വണ്ടിയുടെ ഗ്ളാസും പൊട്ടിച്ചു എന്തോ ഒരു വസ്തു എന്‍റെ മടിയിൽ വന്നു വീണു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണത് ഒരു എല്ലി൯ക്കഷ്ണമാണെന്നു എനിക്കു മനസ്സിലാക്കാ൯ കഴിഞ്ഞത്.

 ആ എല്ലി൯ക്കഷ്ണം എന്നോട് സംസാരിക്കാ൯ തുടങി. “ഹേ മനുഷ്യാ.... അല്പം ശ്രദ്ധിച്ചു മുന്നേറൂ. നിനക്കറിയാമോ? ഞാനും ഒരു കാലത്ത് നിന്നെപ്പോലെയുള്ള ഒരു മനുഷ്യ ശരീരത്തിന്‍റെ ഭാഗമായിരുന്നു.” 

Thursday, October 27, 2016

ഹാസ്യ രേണുക്കൾ

ഞായറാഴ്ചയുടെ മാഹാത്മ്യം

    ഒരു അന്താരാഷ്ട്ര സ൪വേ ടീ൦ ഞായറാഴ്ച്ചകളെ കുറിച്ച് ഒരു വ്യാഖ്യാനം ലഭിക്കുന്നതിനായി നിരവധി കേരളീയരോടു ചോദിക്കുകയുണ്ടായി. അതിലെ പ്രസക്തമായ ചില അഭിപ്രായങളാണ് താഴെ കൊടുക്കുന്നത്. 

    മുഴുവ൯ ആഴ്ചയും അദ്ധ്വാനിക്കുന്നവ൪ക്ക് വിശ്രമിക്കാനും മുഴുവ൯ ആഴ്ചയും വിശ്രമിക്കുന്നവ൪ക്ക് അല്പം അദ്ധ്വാനിക്കാനും കിട്ടുന്ന ദിവസമാണ് ഞായറാഴ്ച. ഏതെങ്കിലും കല്യാണങള്‍ക്കോ മറ്റു ചടങുകള്‍ക്കോ പോകുവാനും, ഒഴിവു ദിവസമായതുകൊണ്ട് വീട്ടിൽ അതിഥികൾ വരാ൯ സാധ്യതയുള്ളതിനാൽ അവരെ പരിചരിക്കാനും ഉള്ള ദിവസമായിട്ടും ചില൪ ഈ ദിവസത്തെ കാണുന്നു. മുഴുവ൯ ആഴ്ചയും ഓഫീസിൽ ടൈം പാസ്സ് ചെയ്യുന്ന പുരുഷ൯മാ൪ക്ക്, ഭാര്യമാ൪ എഴുതിയുണ്ടാക്കിയ പണി പട്ടികപ്രകാരം ഓടേണ്ട ദിവസമാണ്‍ ഞായറാഴ്ച എന്നതാണ് മറ്റു ചിലരുടെ അഭിപ്രായം. ഓഫീസില്‍ വളരെയധികം മാനസ്സികസമ്മ൪ദ്ദം അഭിമുഖീകരിക്കേണ്ടി വരുന്നവ൪ പറയുന്നത്, തിളക്കുന്ന എണ്ണയിൽ നിന്നെടുത്ത്, തീ ആളിക്കത്തുന്ന അടുപ്പിലേക്കെറിയുന്ന പോലെയാണ്‍ ഞായറാഴ്ച എന്നാണ്‍. (പുരുഷ൯മാ൪ സ്ത്രീകളിൽ നിന്ന് അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കാ൯ ഇവിടെ ആരുമില്ലല്ലോ!!!!)


     കേരളത്തിലെ മദ്യവില്‍പനശാലകളുടെ മുന്നിലെ ക്യൂകളുടെ നീളത്തിന്‍റെ ആകത്തുക, മ൦ഗലാപുരം—തിരുവനന്തപുരം റയില്‍വേ ലൈനിനേക്കാള്‍ 86.8 കി.മീ വരെ കൂടുതലാകുന്ന ദിവസമാണ്‍ ഞായറാഴ്ച എന്നും ചില ബുദ്ധിജീവികൾ പറയുന്നുണ്ട്.
     
     ഞായറാഴ്ച ദിവസം കൊല്ലപ്പെടുന്ന കോഴി, ആട്, കാട തുടങിയ വളർത്തുജീവികളുടെ എണ്ണം നോക്കിയാൽ കേരളത്തിലെ മൊത്തം ജനസ൦ഖ്യയുടെ 36.8 ശതമാനമാണ് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.


     ഇതിലുമെല്ലാം അവിശ്വസനീയമായ ഒരു ഗവേഷണ റിപ്പോ൪ട്ടാണ് ചിലരൊക്കെ ചേ൪ന്നുണ്ടാക്കിയിരിക്കുന്നത്. ഞായറാഴ്ച ദിവസം മലയാളികളെല്ലാം ചേ൪ന്ന് അടിക്കുന്ന മദ്യം നിളാനദിയിൽ ഒരുമിച്ച് പ്രവാഹിക്കുകയാണെങ്കിൽ പട്ടാമ്പിപ്പാലം മുങിപ്പോകും പോലും. ഈ അന്താരാഷ്ട്ര സ൪വ്വേ ടീമിന്‍റെ മെയിൽ ഐഡി ഞാനും തിരഞ്ഞുകൊണ്ടിരിക്കുകയാണ്‍. നിങളെപ്പോലെ തന്നെ എനിക്കും ഞായറാഴ്ചയെ കുറിച്ച് ചിലതൊക്കെ പറയാനുണ്ട്.

Wednesday, October 26, 2016

ചെറുകഥ

ബന്ധങളും വൈരുദ്ധ്യങളും
    
   കിഴക്കു ദിശയിലേക്കു പാഞ്ഞുപോകുന്ന ഒരു ട്രെയിനിൽ ഒരു വൃദ്ധസന്യാസി യാത്ര ചെയ്യുകയായിരുന്നു. എതി൪സീറ്റില്‍ ഒരു യുവതി ഉദാസീനയായി ഇരിക്കുന്നുണ്ടായിരുന്നു.

സന്യാസി: “എന്താ കുട്ടിയുടെ മുഖത്ത് വല്ലാത്തൊരു ദു:ഖഭാവമുണ്ടല്ലോ?”
യുവതി: “അതെ സ്വാമി. ഞാ൯ വളരെ ദു:ഖിതയാണ്. ആരും എന്നെ മനസ്സിലാക്കാ൯ ശ്രമിക്കുന്നില്ല. എന്‍റെ ഭ൪ത്താവിനോ അമ്മയ്ക്കോ, എന്‍റെ കൂട്ടുകാ൪ക്കു പോലും ഞാ൯ പറയുന്നത് മനസ്സിലാകുന്നില്ല. ഞാ൯ പറയുന്നതിന് വിരുദ്ധമായാണ് അവരുടെയെല്ലാം കാഴ്ചപ്പാട്. ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചുപോവുകയാണ്.”

   നിസ്സ൦ഗഭാവത്തിൽ ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു ആ സന്യാസി. പെട്ടെന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറയാ൯ തുടങി. “എല്ലാം പടിഞ്ഞാറോട്ടോടുന്നേ........എല്ലാവരും പടിഞ്ഞാറോട്ടോടുന്നേ........”
   സന്യാസിയുടെ ചെയ്തികൾ കണ്ട് ഒന്നും മനസ്സിലാകാതെ യുവതി അമ്പരപ്പോടെ ചോദിച്ചു. “എന്താണീ ചെയ്യുന്നത് സ്വാമി?”

സന്യാസി: “നോക്കൂ കുട്ടി. എല്ലാം അതിവേഗത്തിൽ, എതി൪ദിശയില്‍, ഓടികൊണ്ടിരിക്കുന്നു.”
യുവതി: “എന്തു മണ്ടത്തരമാണീ പറയുന്നത് സ്വാമി?”
സന്യാസി: “മണ്ടത്തരമോ? കുട്ടി കാണുന്നില്ലേ, വയലുകളും പുഴകളും റോഡുകളുമെല്ലാം പടിഞ്ഞാറോട്ടോടിക്കൊണ്ടിരിക്കുന്നത്?”
യുവതി: “അങനെ തോന്നുന്നു എന്നത് ശരിയാണ്. പക്ഷെ നാം തീവ്രവേഗതയിൽ കിഴക്കോട്ടു സഞ്ചരിക്കുന്നതിനെ തുട൪ന്നുള്ള ഒരു വിഭ്രാന്തി മാത്രമാണിത്.”

   സന്യാസിയുടെ മുഖത്തൊരു പുഞ്ചിരി വിട൪ന്നു. അദ്ദേഹം പറഞ്ഞു. “ഇതു തന്നെയാണു കുട്ടി ഞാനും നിന്നോടു പറയാനുദ്ദേശിക്കുന്നത്. മറ്റുള്ളവരിൽ നിന്നും തികച്ചും വേറിട്ട ദിശയിലാണ് കുട്ടിയുടെ ചിന്താധാര. അതുകൊണ്ടു മാത്രമാണ് തന്‍റെ ചിന്തകള്‍ക്ക് വിരുദ്ധമായാണ്‍ എല്ലാവരും ചിന്തിക്കുന്നതെന്നും, ആരും തന്നെ മനസ്സിലാക്കുന്നില്ല എന്നും കുട്ടിക്ക് തോന്നുന്നത്.” സ്വാമിജിയുടെ വാക്കുകൾ കേട്ട് നിശബ്ദയായ യുവതിയിൽ എന്തെങ്കിലും മാനസാന്തരം സംഭവിച്ചോ എന്നറിയില്ല.
മറ്റുള്ളവരുടെ ചിന്തകള്‍ക്കു വിരുദ്ധമായി ചിന്തിക്കുന്നത് ക്രിയാത്മകതയായിരിക്കാം. പക്ഷെ സ്വന്തം ചിന്താധാരയിൽ അടിയുറച്ച വിശ്വാസമില്ലാതെ ആത്മഹത്യയെപോലുള്ള ഭീരുത്വത്തെപ്പറ്റി സംസാരിക്കുന്നത് ക്രിയാത്മകതയാണെന്നു പറയാനാവില്ല.

Tuesday, October 25, 2016

ലേഖനം

ഞാങ്ങാട്ടിരിയുടെ ഇതിഹാസം

     പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് നിളാനദിയുടെ കരയി‍‍ല്‍ സ്ഥിതി ചെയ്യുന്ന, നിരവധി കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും ജന്മം നല്കിയിട്ടുളള പ്രകൃതി സൗന്ദര്യത്താലനുഗ്രഹീതമായ വളരെ വിശാലമായ ഒരു ഗ്രാമമാണ് ഞാങ്ങാട്ടിരി.
     
     ഈ ഗ്രാമത്തിന്‍റെ പേരിനുപിറകി‍ല്‍ വളരെ രസകരവും ഞാങ്ങാട്ടിരി ഗ്രാമവാസികള്‍ക്കഭിമാനിക്കാവുന്നതുമായ ഒരു ചരിത്രമുണ്ട്.
     പറയിപ്പെറ്റ പന്തീരുകുലത്തിലെ ഏറ്റവും പ്രഗ‍‍ല്‍ഭനെന്നു വിശേഷിക്കപ്പെടുന്ന മേഴത്തൂര്‍ അഗ്നിഹോത്രിയുടെ ഏറ്റവും ചെറിയ പുത്രനായ ജ്ഞാനൻ ഭട്ടതിരിപ്പാട് വളരെ പുരോഗമന ചിന്താഗതിക്കാരനായിരുന്നു. സമൂഹത്തിലെ താഴെക്കിടയിലുളളവര്‍ക്കും വിദ്യാഭ്യാസവും വേദശാസ്ത്രജ്ഞാനവും ലഭിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു.  തന്‍റെ പിതാവായ മേഴത്തൂരഗ്നിഹോത്രിയോടിക്കാര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും  അനുകൂലമായ ഒരു പ്രതികരണം ലഭിക്കുകയുണ്ടായില്ല.

     അവശജനോദ്ധാരണം എന്ന മഹത്തായ ലക്ഷ്യത്തോടെ വീടുവിട്ടിറങ്ങി നിളയുടെ തീരത്ത് പടര്‍ന്നുകിടന്നിരുന്ന വനഭൂമിയിൽ ഒരു ചെറിയ ആശ്രമം നിര്‍്മ്മിച്ച് ജാതിമതഭേധമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്കാൻ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കുളളിൽ പൊതുജനസഹകരണവും തിരുരാജാവിന്‍റെ പിന്തുണയും ലഭിച്ചതിനാൽ ജ്ഞാനഭട്ടതിരി വേദ കലാശാല വളര്‍ന്നു വന്നു. അതുപിന്നെ ലോപിച്ച് ഞാങ്ങാട്ടിരി കലാശാലയായി.

     ജ്ഞാനഭട്ടതിരിവേദകലാശാലയിൽ വേദപഠനത്തിനായി തമിഴ്നാട്ടിൽ നിന്നുപോലും വിദ്യാര്‍ത്ഥികൾ വരാൻ തുടങ്ങിയിരുന്നു. തമിഴ്നാട്ടില്‍ നിന്നും വന്നിരുന്ന പട്ടന്മാര്‍ക്ക് താമസിക്കാൻ സ്ഥലസൌകര്യ കുറവുകാരണം നിളയുടെ മറുകരയിൽ തമ്പടിച്ച് പുഴകടന്ന് വന്നു പഠിക്കാൻ തുടങ്ങി.


     അങ്ങിനെ പട്ടന്മാർ തമ്പടിച്ചിരുന്ന സ്ഥലം പട്ടാമ്പിയായി മാറി.

     ജ്ഞാനൻ ഭട്ടതിരിപ്പാട് ഒരു ക്ഷത്രിയ സ്ത്രീയെയാണ് വിവാഹം കഴിച്ചെതെന്നാണ് പറയപ്പെടുന്നത്. അതിൽ ഏഴു സന്താനങ്ങവളുണ്ടായി. ഏഴാമത്തെ കുട്ടി മൈത്രിമായ അക്കാലത്തെ അറിയപ്പെട്ടിരുന്ന വിദൂഷിയായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് വളരെ പ്രോത്സാഹനം നല്കുകയുണ്ടായി. ജ്ഞാനഭട്ടതിരിവേദകലാശാലയിൽ നിന്ന് അധികം ദൂരത്തല്ലാതെ സ്ത്രീകള്‍ക്കു മാത്രമായി മൈത്രിമായവേദകലാശാല തുറക്കുകയുണ്ടായി. അതു പിന്നീട് മാട്ടായ വേദകലാശാലയായ് മാറി.

     പിന്നീട് ജ്ഞാനൻ ഭട്ടതിരിപ്പാട് തന്‍റെ വാസസ്ഥലം ഇപ്പോഴത്തെ തിരുമിറ്റക്കോട് ശിവക്ഷേത്രത്തിന്‍റെ പരിസരത്തിലേക്ക് മാറ്റി. വൃദ്ധാവസ്ഥയിൽ എത്തിയ ഭട്ടതിരിപ്പാടിന് വേദകലാശാലയിൽ നിത്യം വരാൻ സാധ്യമല്ലാത്ത സ്ഥിതിയായപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹത്തിന്‍റെ വീട്ടിൽ പോകുവാൻ തുടങ്ങി. അങ്ങിനെ ജ്ഞാനൻ ഭട്ടതിരിപ്പാടിന്‍റെ തിരുമുറ്റവും ഒരു കലാശാലയായ് മാറി. പിന്നീട് ആ സ്ഥലം തിരുമിറ്റക്കോടായി മാറി എന്നാണ് പറയപ്പെടുന്നത്.

Monday, October 24, 2016

ലേഖനം

ചൂഷണം അതിരുകടക്കുന്നു

    പെറ്റമ്മയുടെ മുലപ്പാൽ ഏതൊരു ശിശുവിന്‍റെയും ജന്മസിദ്ധമായ അവകാശമാണ്. ശിശുവിന്‍റെ നിലനില്പിനും വളർച്ചക്കും അതു അത്യന്താപേക്ഷിതമാണ്. പക്ഷേ അമ്മയുടെ രക്തം കുഞ്ഞു ഊറ്റികുടിക്കാൻ തുടങ്ങിയാലോ? എല്ലുകൾ തുളച്ചു മാതാവിനെ ഭക്ഷിക്കാൻ തുടങ്ങിയാലോ?
     അതുപോലെത്തന്നെ ഈ പ്രകൃതിവിഭവങ്ങളെയും ജീവജാലങ്ങളെയും ഒരു പരിധിവരെ ഉപയോഗിക്കാനുള്ള അധികാരം മനുഷ്യവർഗത്തിനുണ്ട്. പക്ഷേ ലക്ഷകണക്കിനു ജീവിവർഗ്ഗങ്ങൾ നിലനിൽക്കുന്ന ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളും മനുഷ്യനെന്ന ഒരേയൊരുവർഗ്ഗത്തിനു വേണ്ടി മാത്രമാണ് എന്ന വികലമായ തത്വശാസ്ത്രത്തിലൂടെയാണ് മനുഷ്യൻ ഇന്ന് മുന്നേറികൊണ്ടിരിക്കുന്നത്.
     ഏകദേശം 40 ലക്ഷം വർഷങ്ങൾക്കുമുന്നെ ആസ്ത്രലോ പിഥേക്കസ് എന്ന കുരങ്ങിൽ നിന്നും പരിണാമം സംഭവിച്ചാണ് മനുഷ്യജാതി ഉണ്ടായിരിക്കുന്നത് എന്നാണ് ജീവശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഏകദേശം രണ്ടുലക്ഷം വർഷങ്ങൾക്കുമുന്നെ മനുഷ്യൻ ശിലായുധങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ മനുഷ്യവികാസത്തിന്‍റെ പ്രവേഗം വർദ്ധിച്ചു. തീയിന്‍റെയും ലോഹങ്ങളുടെയും കണ്ടുപിടിത്തം 40,000 വർഷങ്ങൾക്കുമുന്നെ നടത്തപ്പെട്ടതോടെ പ്രകൃതി വിഭവങ്ങളെയും മറ്റു ജീവജാലങ്ങളെയും ചുഷണം ചെയ്യാനുള്ള ക്ഷമത മനുഷ്യനു വർധിച്ചു.   
     മനുഷ്യചരിത്രം പരിശോധിച്ചാൽ 40 ലക്ഷം വർഷത്തെ വികാസത്തിന്‍റെ ആകെതുകയേക്കാൾ എത്രയോ അധികമാണ് കഴിഞ്ഞ 4000 വർഷത്തെ വികാസം.
     പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാംപകുതിയിൽ സ്റ്റീം എൻജിന്‍റെ കണ്ടുപിടുത്തത്തോടെ ലോകമെമ്പാടും വ്യവസായ വിപ്ലവത്തിനു തുടക്കം കുറിച്ചു. മനുഷ്യൻ രണ്ട് കൈകൊണ്ട് ചെയ്യുന്ന ജോലികൾ മെഷീനുകൾ രണ്ടായിരം ഇരട്ടി വേഗതയോടെയും, കാര്യക്ഷമതയോടെയും ചെയ്യാൻ തുടങ്ങിയതോടെ പ്രകൃതിയുടെ പവിത്രമായ സ്തന്യമൃതം മാത്രം സേവിച്ചിരുന്ന മനുഷ്യൻ ഭൂമിയുടെ രക്തത്തിലേക്കും മജ്ജയിലേക്കും എത്തിച്ചേരാൻ തുടങ്ങി. ഭൂമിയുടെ അഗാധതകളിൽ നിന്നും കൽക്കരിയും ലോഹ അയിരുകളും മാർബിൾ കല്ലുകളും മനുഷ്യന്‍റെ നിത്യോപയോഗത്തിലെത്തിക്കുന്നതിന്‍റെ വേഗം ബഹുഗുണീകരിക്കപ്പെട്ടു. വനം മുറിക്കലും വന്യജീവിസംഹാരവും ലാഘവമായി മാറി.
     ഇന്ന് ലോകത്തിലെ ശരാശരി ഒരു മനുഷ്യന്‍റെ ജീവിതകാലത്തെ ഇരുമ്പിന്‍റെ ഉപയോഗം 14 മെട്രിക് ടൺ ആയിരിക്കുന്നു. അമേരിക്കയിൽ ഇതു ഏകദേശം 40 മെട്രിക് ടൺ ആണ്. ഭൂമിയിലെ ഇരുമ്പയാരിന്‍റെ സമ്പത്ത് എത്രയായിരുന്നാലും അത് ഒരുനാൾ അവസാനിക്കുന്നതായിരിക്കും. അടുത്ത തലമുറയ്ക്ക് വേണ്ടി നമുക്കൊന്നും ബാക്കി വെയ്‌ക്കേണ്ടേ?
     ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ വന്ന ഇലക്ട്രോണിക് യുഗപ്പിറവിയും കമ്പ്യൂട്ടർ സംസ്കാരവും വാർത്താവിനിമയത്തിലും മനുഷ്യബുദ്ധിയുടെ കാര്യക്ഷമതയിലും വിസ്മയകരമായ വളർച്ചകൾ സൃഷ്ടിച്ചു.
     കഴിഞ്ഞ മുന്നൂറു വർഷത്തിനുള്ളിൽ സാങ്കേതികവിദ്യയിൽ ആർജിച്ചനേട്ടം 30,000 വർഷത്തിലെ നേട്ടങ്ങളെക്കാൾ എത്രയോ ഏറെയാണ്, കഴിഞ്ഞ 30 വർഷത്തിലെ നേട്ടങ്ങളോ അതിലുമെത്രയോ അധികം അമിതമായ വേഗത മാരകമായ അപകടങ്ങൾക്കു സാധ്യതയുണ്ടാകുന്നതു സംശയമില്ല.
     നമ്മുടെ നദിക്കരകളിൽ പ്രശോഭിച്ചു കിടന്നിരുന്ന പഞ്ചരമണലും കളിമണ്ണുമെല്ലാം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നത് എന്തുകൊണ്ട്?
     ഇഷ്ടിക, ഓട് നിർമ്മാണക്കമ്പികളും മണൽ മാഫിയക്കാരും മാത്രമല്ല അതിനുത്തരവാദികൾ. മൂന്നോ നാലോ അംഗങ്ങൾ മാത്രമുള്ള ഒരു ന്യൂക്ലീയർ ഫാമിലിക്കു താമസിക്കാൻ വലിയ ഭവനങ്ങൾ നിർമ്മിക്കുന്നവർ മനസിന്‍റെ ആഴത്തിലേക്കല്പം ഇറങ്ങിച്ചെന്നാൽ അറിയാൻ കഴിയും മറ്റുള്ളവരുടെ വീടിനെ ചെറുതാക്കി കാണിച്ച സ്വയം വലുതാണെന്നു തെളിയിക്കാനുള്ള ഉപബോധ മനസിന്‍റെ ദുർബലമായ ഒരു പ്രവണതയാണ് ഇതെന്ന്.
     വലിയ പദവികളും ബംഗ്ലാവും വാഹനങ്ങളുമാണ്  ജീവിതവിജയത്തി
ന്‍റെ മാനദണ്ഡം എന്ന മിഥ്യയാബോധത്തിൽ നിന്നും നമുക്കുണരണം. നാം ജീവിക്കുന്ന ഈ സമൂഹത്തിന്‍റെ ശാന്തിക്കും സമാധാനത്തിനും പ്രകൃതിയുടെ നിർമ്മലത കാത്തു സൂക്ഷിക്കുന്നതിനും എന്തു ചെയ്യാൻ കഴിഞ്ഞു എന്നതാണ് ഒരു മനുഷ്യ ജീവിതത്തിന്‍റെ വിജയത്തിന്‍റെ മാനദണ്ഡം.
     ക്യാൻസർ രോഗം പിടിപെട്ട ഒരു മനുഷ്യൻ ഒന്നുകിൽ കീമോതെറാപ്പി ചെയ്ത് തന്‍റെ ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കും വിഫലമായാൽ സ്വയം മരിക്കും. വ്യക്തി  മരിച്ചാൽ ശരീരത്തിലെ രോഗാണുക്കൾക്കും നശിച്ചെമതിയാവു. നമ്മുടെ ഈ ഭൂമിയും ഇന്ന് ക്യാൻസർ രോഗഗ്രസ്ഥനായ ഒരു രോഗിയെപ്പോലെയാണ്. ഗ്ലോബൽ വാമിങ്ങും സുനാമിയും മറ്റു പ്രകൃതിക്ഷോഭങ്ങളും ഇതിന്‍റെ ഭാഗമാണെന്നു വേണം കരുതാൻ.